വീണ വിജയന്റെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനെതിരെ (Exalogic) രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സിഎംആര്‍എലില്‍ നിന്ന് പണം അക്കൗണ്ടിലേക്ക് വാങ്ങിയത് എന്ത് സേവനത്തിനാണെന്ന് കൃത്യമായി തെളിയിക്കുന്നതിന് ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ കണ്ടെത്തല്‍. എന്നാല്‍ വാങ്ങിയ പണത്തിന് കമ്പനി ജിഎസ്ടി അടച്ചിട്ടുണ്ട്. ജി.എസ്.ടി അടച്ചതിന്റെ രേഖകള്‍ മാത്രമാണ് എക്‌സാലോജിക് ഹാജരാക്കിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം എക്‌സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആര്‍.ഒ.സിയുടെ ഈ റിപ്പോര്‍ട്ട് പ്രകാരമണ് കോര്‍പ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയം വിശദമായ അന്വേഷണത്തിലേക്ക് കടന്നത്.
സിഎംആര്‍എല്ലുമായി കമ്പനി നടത്തിയ ഇടപാടുകള്‍ അടിമുടി ദുരൂഹതയുണ്ട്. സോഫ്റ്റ് വെയര്‍ സര്‍വീസ് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ പരസ്യം നല്‍കിയതിന്റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആര്‍എല്ലോ, എക്‌സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകള്‍ സമര്‍പ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തില്‍ എക്‌സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടിനെ പറ്റി പറയുന്നത്. കരാര്‍ പോലും എക്‌സാലോജിക്കിനോ, സിഎംആര്‍എല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.