ഒരു വ്യത്യസ്തമായ വിവാഹമാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്നത്. ജാൻപൂർ ജില്ലയിലെ ബിജെപി നേതാവിൻ്റെ മകനാണ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം ചെയ്തത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിസ ലഭിക്കാത്തതിനെ തുടർന്നാണ് ഓൺലൈനിലൂടെ വിവാഹം നടത്തിയത്.
ബിജെപിയുടെ പ്രാദേശിക നേതാവായ തഹ്‌സീൻ ഷാഹിദിന്റെ മൂത്തമകൻ മുഹമ്മദ് അബ്ബാസ് ഹൈദറിൻ്റെയും ലാഹോർ സ്വദേശിയായ ആൻഡ്ലീപ് സഹ്‌റയുടെയും വിവാഹമാണ് നടന്നത്. ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഒരു വർഷം മുൻപ് വിവാഹ ആവശ്യങ്ങൾക്കായി പാകിസ്ഥാനിലേക്ക് പോകുന്നതിനായി കുടുംബം വിസക്ക് അപേക്ഷിച്ചിരുന്നു.
വധുവിൻ്റെ അമ്മയെ അസുഖ ബാധിതയായി പാകിസ്ഥാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സ്ഥിതി കൂടുതൽ വെല്ലുവിളിയായി. ഈ സാഹചര്യത്തിൽ വിവാഹ ചടങ്ങുകൾ ഓൺലൈനിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വരനും കുടുംബവും ഷിയാ പള്ളിയില്‍ എത്തി ചടങ്ങുകൾ നടത്തുകയായിരുന്നു. ലാഹോറിൽ നിന്നാണ് വധുവിൻ്റെ കുടുംബം ചടങ്ങിൽ പങ്കെടുത്തത്.
ഭാര്യക്ക് ഇന്ത്യൻ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് അബ്ബാസ് പറഞ്ഞു. ബിജെപി എംഎൽസി ബ്രിജേഷ് സിങ് പ്രിഷു ഉൾപ്പെടെയുള്ള നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുത്ത് വരനും കുടുംബത്തിനും ആശംസ അറിയിച്ചു.