തൃശ്ശൂർ: അത്യന്തം നീചമായ വാക്കുകളുപയോഗിച്ച് മലയാളികളെയും, മലയാളസിനിമയേയും അപമാനിക്കുന്ന തമിഴ് \ മലയാളം എഴുത്തുകാരൻ ജയമോഹൻ്റെ പ്രസ്താവനയിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മിറ്റി പ്രതിഷേധിച്ചു.
“മഞ്ഞുമ്മൽ ബോയ്സ്” മലയാളചലച്ചിത്രം തമിഴ്നാട്ടിൽ വൻവിജയമായതിനെ തുടർന്നാണ് ജയമോഹൻ്റെ പരാമർശം. തമിഴ്നാടും കേരളവും മഹത്തായ ചരിത്രവും സംസ്കാരവുമുള്ള രണ്ടു സംസ്ഥാനങ്ങളാണ്. ഇന്ത്യക്ക് പൊതുവെ അഭിമാനകരമായ സാഹിത്യവും കലയും വിശേഷിച്ച് സിനിമയും തമിഴിലെന്ന പോലെ മലയാളത്തിലും ഉണ്ടാവുന്നുണ്ട്. ഇവ പരസ്പരം ആസ്വദിക്കുക സ്വാഭാവികമാണ്. ആത്മബന്ധം പുലർത്തുന്ന രണ്ടു ജനസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഡതന്ത്രമാണ് ജയമോഹൻ മുന്നോട്ടു വെക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
സംഘപരിവാറിൻ്റെ മതരാഷ്ടമോഹത്തെ ശക്തമായി എതിർത്തു നിൽക്കുന്നവരാണ് തമിഴരും മലയാളികളും. ഇതിൻ്റെ പ്രതികാരം എന്ന നിലയിൽ രണ്ടു സംസ്ഥാനങ്ങളേയും ബി.ജെ.പി.യുടെ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൂടാതെ മലയാളി,തമിഴ് സമൂഹത്തെക്കുറിച്ച് ആർ.എസ്.എസ്. മാധ്യമങ്ങളും അവരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും രാജ്യത്തു മുഴുവൻ അസഭ്യവും അപവാദവും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ബ്ലോഗിലെ പ്രസ്താവനയിലൂടെ സംഘപരിവാറിനു കൂട്ടുനിൽക്കുകയാണ് ജയമോഹൻ ചെയ്യുന്നതെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചെരുവിലും പ്രസ്താവനയിൽ അറിയിച്ചു.
ജയമോഹൻ മലയാളികളെ അപമാനിക്കുന്നു: പുരോഗമന കലാസാഹിത്യ സംഘം
Written by Taniniram1
Published on: