തിരക്കേറിയ നഗരങ്ങളിൽ യാത്രയ്ക്കായി പലരും ആശ്രയിക്കുന്നത് ടാക്സിയും ഓട്ടോയും ഒക്കെയാണ്. എന്നാൽ കൂടുതൽ സൗകര്യപ്രദം ബൈക്ക് ടാക്സിയാണ്. ഊബറും റാപിഡോയും ഒലയും ഉൾപ്പെടെ പ്രമുഖ കമ്പനികളെല്ലാം തന്നെ ബൈക്ക് ടാക്സികൾ അവതരിപ്പിച്ചിട്ടുണ്ട്. പാർട്-ടൈമായും ഫുൾ ടൈമായും നിരവധി ആളുകളാണ് ബൈക് ടാക്സിയിലൂടെ രാജ്യത്ത് ഉപജീവനം നടത്തിവരുന്നത്.
ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്നുള്ള ഒരു ബൈക് ടാക്സി ഡ്രൈവർ ശമ്പളം വെളിപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ദിവസവും 13 മണിക്കൂർ ജോലി ചെയ്യുന്നതിലൂടെ പ്രതിമാസം 80000 മുതൽ 85000 രൂപവരെയാണ് യുവാവ് സമ്പാദിക്കുന്നത്.
കർണാടക പോർട്ട്‌ഫോളിയോ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശമ്പളം കേട്ട് നിരവധി ആളുകളാണ് വീഡിയോയിൽ ആശ്ചര്യം പങ്കുവച്ചത്. മിഡ് ലെവൽ കോർപ്പറേറ്റ് ജീവനക്കാരേക്കാൾ കൂടുതൽ വരുമാനമാണ് ഇയാൾ ബൈക്ക് ടാക്സി ഓടിച്ച് സമ്പാദിക്കുന്നതെന്ന് ഒരാൾ വീഡിയോയിൽ കമന്റ് ചെയ്തു.