ആലപ്പുഴ: ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വീസ് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ.
വന്ദേഭാരത് എത്തിയതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതിനും സമയക്രമം തെറ്റുന്നതിനുമെതിരെ എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ നീക്കം.
എറണാകുളം-കായംകുളം പാസഞ്ചര്‍, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ എന്നിവയുമായി ബന്ധപ്പെട്ടാണു വിവാദമുണ്ടായത്. ഈ ട്രെയിനുകളുടെ വന്ദേഭാരതിന് മുന്‍പുള്ള സമയം പുനഃസ്ഥാപിക്കാന്‍ വന്ദേഭാരത് കോട്ടയം ഇരട്ടപ്പാത വഴി സര്‍വീസ് നടത്തുന്നതാണ് പോംവഴി.
അതു പരിഗണിക്കാന്‍ ജനപ്രതിനിധികളോട് അഭ്യര്‍ഥിക്കുന്നുവെന്ന തരത്തിലുള്ള റെയില്‍വേയുടെ പത്രക്കുറിപ്പ്.ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ സര്‍വീസ് സുഗമമാക്കാന്‍ ആലപ്പുഴയ്ക്കും കായംകുളത്തിനുമിടയില്‍ സര്‍വീസ് ഓടുന്ന രണ്ടു പാസഞ്ചറുകളുടെ സമയം റെയില്‍വേ പരിഷ്‌കരിച്ചിരുന്നു.
എങ്കില്‍ പോലും ഈ ട്രെയിനുകള്‍ വൈകിയോടുന്നുവെന്ന് ആരോപിച്ചാണ് എ.എം. ആരിഫ് എം.പി.യും യാത്രക്കാരും കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നത്.