ജനുവരി 10 മുതല്‍ ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഇല്ല

Written by Taniniram Desk

Published on:

പത്തനംതിട്ട: ശബരിമലയില്‍ ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. മകരവിളക്കിന് ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. സാധാരണ ഗതിയില്‍ മകരവിളക്കിന് മൂന്ന് നാള്‍ മുന്‍പ് തന്നെ ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശിക്കുന്നതിനും തിരുവാഭരണ ദര്‍ശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാറാണ് പതിവ്.

ഈ സ്ഥിതിയില്‍ വീണ്ടും കൂടുതല്‍ ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായി മലകയറിയാല്‍ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദര്‍ശന സൗകര്യത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് 10-ാം തീയതി മുതല്‍ സ്‌പോട്ട് ബുക്കിംഗ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

14-ാം തീയതി വെര്‍ച്വല്‍ ക്യാബുക്കിംഗ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ദര്‍ശനത്തിനായി എത്തിച്ചേരാന്‍ കഴിയൂ. 14, 15 തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.

16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ടിക്കറ്റ് നിര്‍ബന്ധമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

See also  മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ദാരുണാന്ത്യം…

Leave a Comment