എത്രയെത്ര കവിതകൾക്കും കഥകൾക്കും നോവലുകൾക്കും ചിന്തകൾക്കും ചിറകു മുളച്ചതിനും വിത്ത് പാകിയതിനും സാഹിത്യ അക്കാദമിയിലെ മരങ്ങളും മരത്തണലിലെ ഇരിപ്പിടങ്ങളും സാക്ഷിയായിട്ടുണ്ടാകും. കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ പ്രശസ്ത എഴുത്തുകാർ അക്കാദമിയിൽ എത്തുമ്പോൾ പുസ്തക ചർച്ചകൾക്കും ചെറു സല്ലാപങ്ങൾക്കും വിശ്രമത്തിനും ആശ്രയിക്കുന്നത് അക്കാദമി അങ്കണത്തിലെ ഈ മരത്തണലുകളുടെ തണുപ്പിനെയാണ്.
വെയിൽ ചാഞ്ഞ് ഇരുൾ പരന്നു തുടങ്ങി.. തൃശ്ശൂരിന്റെ സാംസ്കാരിക സമുച്ചയങ്ങളിൽ ഒന്നായ സാഹിത്യ അക്കാദമിയിലേക്ക് (Sahithya Acadamy)ഇടതടവില്ലാതെ വന്നു കയറുന്ന മനുഷ്യക്കൂട്ടങ്ങൾ.. എഴുത്തിനെയും വായനയെയും നെഞ്ചേറ്റുന്ന അവർ തങ്ങളുടെ സ്ഥിരം ഇരിപ്പിടങ്ങളിലേക്ക് ചെന്നിരുന്ന്…. സാഹിത്യോത്സവ ചർച്ചയും മറ്റുമായി സജീവമാകുന്ന കാഴ്ച അക്കാദമിയിൽ അന്യമല്ല.
സാഹിത്യ അക്കാദമിയിലെ മുഖ്യവേദിയായ ‘പ്രകൃതിയിലേക്ക് ‘ എല്ലാവരുടെയും ശ്രദ്ധയെ ആകർഷിച്ചു.ഡോ.സുനിൽ പി ഇളയിടത്തിന്റെ(Sunil P Ilayidam) പ്രഭാഷണം നടക്കുന്നു. ‘ മൈത്രിയുടെ ഭാഷ്യങ്ങൾ’ എന്ന വിഷയത്തിലുള്ള പ്രഭാഷണം ആസ്വദിക്കാൻ പ്രൗഢഗംഭീര സദസ്സാണ് . സാഹിത്യത്തിന്റെ മേഖലയിൽ വിരാജിക്കുന്നവരും ഗവേഷണ വിദ്യാർത്ഥികളും ഉൾപ്പെടെ ആസ്വാദനത്തിന്റെ നിറവാണ് എന്നും അക്കാദമിയിലെ സാർവ്വദേശീയ സാഹിത്യോത്സവത്തിന് സാംസ്കാരിക നഗരിയിൽ കണ്ടുവരുന്നത്.
സാഹിത്യോത്സവത്തിന്റെ ഭാഗമായി അക്കാദമി അങ്കണത്തിലെ തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളുടെ ഇരിപ്പിടങ്ങൾ എല്ലാം പല നിറങ്ങൾ നൽകി മനോഹരമാക്കിയിരിക്കുന്നു. കൂടാതെ ദീപാലങ്കാര വിതാനങ്ങളും അക്കാദമിയെ ചേതോഹരമാക്കി മാറ്റുന്നു. രാത്രി വെളിച്ചങ്ങളിൽ സാഹിത്യ- സല്ലാപ ചർച്ചകൾക്ക് മുതിർന്നവരും ന്യൂജൻകാരും അടക്കമുള്ള സാഹിത്യപ്രേമികൾക്ക് പ്രിയമുള്ള വേദിയാണ് അക്കാദമി അങ്കണത്തിലെ ഈ മരച്ചോടുകൾ….
പച്ചയായ മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും എഴുത്തും വായനയും സാഹിത്യവും ജീവിതത്തോട് ചേർത്തു വയ്ക്കുമ്പോൾ, തൃശ്ശൂരിലെ ഏതൊരു വ്യക്തിയുടെയും മനസ്സിൽ നിന്നും അടർത്തി മാറ്റാൻ പറ്റാത്ത ഒന്നായി മാറുകയാണ് അക്കാദമിയും അക്കാദമിയിലെ അങ്കണവും ഈ മരച്ചോടുകളും …. ആ തണുപ്പും…..
കെ. ആർ. അജിത