തൃശൂർ : രാമായണ കഥ പറഞ്ഞുള്ള വിവാദ എഫ്.ബി (FB)പോസ്റ്റിൽ എം.എൽ.എ പി ബാലചന്ദ്രനെ( P. Balachandran) തള്ളിപ്പറഞ്ഞ് സി.പി.ഐ(CPI). എം.എൽ.എയ്ക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ വൽസരാജ് (K K. Valsaraj)പറഞ്ഞു. സംഭവത്തിൽ സിപിഐ(CPI) വാർത്താ കുറിപ്പും പുറപ്പെടുവിച്ചു. എം.എൽ.എ ജാഗ്രത കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി ബാലചന്ദ്രൻ (P. Balachandran)എം എൽ എ ഫേയ്സ്ബുക്ക് പോസ്റ്റിൽ രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാർട്ടി നിലപാട് അല്ല എന്നും സി പി ഐ തൃശൂർ ജില്ലാ കൗൺസിൽ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു അഭിപ്രായം സി പി ഐയ്ക്കോ എൽ ഡി എഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുള്ളത്.
മതനിരപേക്ഷ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ വർഗ്ഗീയതയ്ക്കും അന്യമതവിദ്വേഷത്തിനും എതിരെ നിലപാട് സ്വീകരിക്കുകയും സർവ്വമതസമഭാവനയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന പാർട്ടിയാണ് സി പി ഐ. എന്നാൽ, ആ നിലപാടിന് വിരുദ്ധമായി ഫേയ്സ്ബുക്കിൽ അഭിപ്രായം എഴുതിയ പി ബാലചന്ദ്രൻ എംഎൽഎ തന്നെ ഇതിനകം തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് തിരിച്ചറിയുകയും തിരുത്തുകയും പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. നിർഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികൾക്ക് ഉണ്ടായ പ്രയാസത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്‌താവനയിൽ അറിയിച്ചു.
പി ബാലചന്ദ്രൻ രാജിവെക്കണമെന്ന് നാഗേഷ്
അതേസമയം എംഎൽഎക്കെതിരെ ബി.ജെ.പി രംഗത്തെത്തി. പി ബാലചന്ദ്രൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി (BJP)സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തി പോസ്റ്റിട്ട എം.എൽ.എയ്ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നാഗേഷ് പറഞ്ഞു. കലാപശ്രമമാണ് എം.എൽ.എ നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം. പി ബാലചന്ദ്രൻ(P. Balachandran) എം.എൽ.എയുടെ ഓഫീസിലേക്ക് വൈകിട്ട് നാലിന് ബിജെപി മാർച്ച് നടത്തും. ബാലചന്ദ്രൻ പ്രകടിപ്പിച്ചത് സി.പി.ഐയുടെ അഭിപ്രായമെന്നും നിയമസഭാ അംഗത്വം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും നാഗേഷ് കൂട്ടിച്ചേർത്തു.
എംഎൽഎ ഓഫീസിലേക്ക് ബിജെപി മാർച്ച്
വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ചിരുന്നു. ശ്രീരാമനെയും സീതയയും കുറിച്ചുള്ള വിവാദ പോസ്റ്റാണ് ബാലചന്ദ്രൻ പിൻവലിച്ചത്. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി എം.എൽ.എ അറിയിച്ചു. കഥകൾ എഴുതാറുണ്ടെന്നും എഴുതിയ കഥ പണ്ടെങ്ങോ ഫേസ്ബുക്കിലിട്ടിരുന്നുവെന്നും സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ ഡിലീറ്റ് ചെയ്തെന്നും പി ബാലചന്ദ്രൻ പറഞ്ഞു. അതെ സമയം വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബി.ജെ.പി. വൈകീട്ട് എം.എൽ.എ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.