അച്ചുവിന്റെ അമ്മയെന്ന മീരാജാസ്മിൻ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗായികയാണ് മഞ്‍ജരി. നിരവധി പാട്ടുകളിലൂടെ ആരാധകരുടെ കാതിന് കുളിർമയേകിയ പ്രിയ ഗായിക ഫാഷന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല. സാരിയെ ഏറെ സ്നേഹിക്കുന്ന മഞ്ജരിക്ക് ഏറ്റവുമധികം ധരിക്കാൻ ഇഷ്ടവും കംഫർട്ടും സാരികൾ തന്നെയാണ്. കോട്ടൻ, ഫ്ലോറൽ, ജോർജെറ്റ് തുടങ്ങി വ്യത്യസ്ത ടൈപ്പിലുള്ള അയ്യായിരത്തിലധികം സാരികളുണ്ട് പ്രിയഗായികയ്ക്ക്. സാരിയിൽ തനി നാടനായും, സ്റ്റൈലിഷ് ലുക്കിലുമെല്ലാമെത്തി മഞ്ജരി പലപ്പോഴും ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയിട്ടുണ്ട്. അമ്മയുടെ സാരികൾ മുതൽ പൈനാപ്പിളിന്റെയും ഓറഞ്ചിന്റെയും നിറമുള്ള സാരികൾ വരെ മഞ്ജരിയുടെ കയ്യിലുണ്ട്. ലോകസാരി ദിനത്തിൽ തന്റെ സാരി വിശേഷങ്ങൾ പങ്കുവെക്കുകയാണ് മഞ്ജരി.
പലർക്കും കുട്ടിക്കാലത്ത് കണ്ണാടിയിൽ നോക്കി സാരിയുടുക്കാനും അമ്മയുടെ സാരിയുടുക്കാനുമൊക്കെ വളരെ ഇഷ്ടമാണല്ലോ, ഞാനും അതുപോലെ തന്നെയായിരുന്നു. അമ്മയുടെ സാരിയൊക്കെ കാണുമ്പോൾ അതുടുക്കണമെന്ന് ഒരുപാട് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അമ്മ സാരിയുടക്കുന്നതൊക്കെ നോക്കി നിൽക്കുമായിരുന്നു. എങ്ങനെയാണ് സാരിയുടുക്കുക, സാരിയുടുത്താൽ എങ്ങനെയായിരിക്കും എന്നൊക്കെ അന്നേ ചിന്തിച്ചിരുന്നു. നാട്ടിൽ ഞങ്ങളുടെ വീടിനടുത്ത് ഒരു സാരി മെറ്റീരിയൽ കിട്ടുന്ന കടയുണ്ട്. അവിടെ പലപ്പോഴും അമ്മയുടെ കൂടെ പോയിട്ടുണ്ട്. അമ്മ അവിടെ നിന്ന് സാരിയെടുക്കുന്ന സമയത്തെല്ലാം ഞാനും അത് നോക്കി നിൽക്കാറുണ്ടായിരുന്നു. അവിടെ നിന്ന് മെറ്റീരിയലെല്ലാമെടുത്ത് ഞാൻ എന്റെ ദേഹത്ത് വച്ചു നോക്കുമായിരുന്നു. കണ്ണാടിയില്‍ അതെല്ലാം കാണുമ്പോൾ സന്തോഷമായിരുന്നു.
സാരിയുടുക്കാൻ ഏറെ ഇഷ്ടമായിരുന്നെങ്കിലും ആദ്യമായി സാരിയുടുക്കുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. ഫേർവെൽ ദിവസത്തിലാണ് സാരിയുടുത്ത് സ്കൂളിൽ ആദ്യമായി പോകുന്നത്. അന്ന് എനിക്ക് വല്ലാത്തൊരു സന്തോഷമായിരുന്നു. ഒരുപാട് നാളായുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു. അമ്മയുടെ സാരിയാണ് അന്നുടുത്തത്. വെള്ളയിൽ ഓറഞ്ച് ബോർഡറുള്ള സാരി. ആ സാരി എനിക്ക് ഏറെ ഇഷ്ടമായിരുന്നു, അതോടൊപ്പം തന്നെ ആദ്യമായി ഉടുക്കുന്ന സാരിയും; അന്ന് വല്ലാത്തൊരു ഫീലായിരുന്നു. ആദ്യമായി സാരി ഉടുത്തത് കൊണ്ട് അന്ന് വളരെ സൂക്ഷമതയോടെയാണ് സാരി കൊണ്ടു നടന്നത്. ഏറെ ശ്രദ്ധ സാരിക്ക് കൊടുത്തിരുന്നു. അന്ന് സാരിയുടുത്തപ്പോൾ എന്തോ വലിയ കാര്യം സാധിച്ച അവസ്ഥയായിരുന്നു.