സിനിമയുടെ ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക് വിവാദത്തിൽ

Written by Taniniram

Published on:

ബംഗലുരു: സിനിമയ്ക്ക് സെറ്റിടാന്‍ വനഭൂമിയിലെ നൂറു കണക്കിന് മരങ്ങള്‍ വെട്ടിമുറിച്ചെന്ന ആരോപണത്തില്‍ കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ സൂപ്പര്‍താരം യാശിന്റെ ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണം നിയമ കുരുക്കില്‍. സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലെ പീനിയയിലെ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) വളപ്പിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചതായി ആരോപിച്ചിരിക്കുന്നത് പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ആണ്.

ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന്, മരം മുറിക്കുന്നവര്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കാന്‍ ഖണ്ട്രെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എച്ച്എംടിയുടെ അധികാരപരിധിയിലുള്ള വനഭൂമിയാണെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് വ്യാപകമായി മരം മുറിക്കുന്നത് കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഖണ്ഡേ ചൂണ്ടിക്കാട്ടി.

വിവാദം സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഘനവ്യവസായ മന്ത്രാലയവും തമ്മിലുള്ള സംഘര്‍ഷത്തിനും തിരികൊളുത്തി. സംസ്ഥാനം എച്ച്എംടിയെ രാഷ്ട്രീയമായി ലക്ഷ്യമിടുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം. ബുദ്ധിമുട്ടുന്ന എച്ച്എംടിയെ പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിയോടുള്ള പകപോക്കലാണ് ഖണ്ഡ്രേ നടത്തുന്നതെന്നും പറഞ്ഞു.

വര്‍ഷങ്ങളായി എച്ച്എംടിയും സര്‍ക്കാരും സ്വകാര്യവുമായ വിവിധ സ്ഥാപനങ്ങള്‍ക്ക് വനഭൂമി അനധികൃതമായി കൈമാറിയെന്നും ഖണ്ഡ്രെ ആരോപിച്ചു. വനനിയമം ലംഘിച്ച് സിനിമാ ചിത്രീകരണം ഉള്‍പ്പെടെയുള്ള വനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ ഭൂമിയില്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എച്ച്എംടി ഭൂമി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പാട്ടത്തിന് നല്‍കുക മാത്രമല്ല, സിനിമാ സെറ്റുകള്‍ക്കായി വനഭൂമി വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നു. അതേസമയം ടോക്സിക് സിനിമയ്ക്കായി കാനറ ബാങ്കിന് വിറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലത്താണ് സിനിമാസംഘം വന്‍ സെറ്റ് ഇട്ടിരിക്കുന്നത്. ഇത് കാര്യമായ മരം മുറിക്കലിലേക്ക് നയിച്ചു, ”ഖണ്ഡ്രെ കൂട്ടിച്ചേര്‍ത്തു.

മരം മുറിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടു. ”നിയമങ്ങള്‍ പാലിക്കാതെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇത് അംഗീകരിച്ചാല്‍, അവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും. അനുമതി ലഭിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതികരിച്ചു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുപ്രീത് വ്യക്തമാക്കി, ”ഇത് സ്വകാര്യ സ്വത്താണ്, ഞങ്ങള്‍ എല്ലാ നിയമപരമായ ആവശ്യകതകളും പാലിച്ചിരിക്കുന്നു. 2024 ഫെബ്രുവരിയില്‍ ഞങ്ങള്‍ സമഗ്രമായ ഒരു സര്‍വേ നടത്തുകയും പ്രസക്തമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നു, ആവശ്യമെങ്കില്‍ ഈ അവകാശവാദങ്ങളെ വെല്ലുവിളിക്കും.” അദ്ദേഹം പറഞ്ഞു. നടി ഗീഗീതു മോഹന്‍ദാസാണ് സംവിധായിക.

See also  തൃശൂർ പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; എഡിജിപി അജിത്കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപി റിപ്പോർട്ട് ചെയ്തു

Leave a Comment