കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ആദ്യ നിയമ വിദ്യാർത്ഥിനി, വനിതാ ഗവർണർ തുടങ്ങിയ പദവികൾ അലങ്കരിച്ച വ്യക്തിയാണ് ഫാത്തിമ ബീവി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പത്തനംതിട്ട മുസ്ലിം എൽ.പി സ്കൂളിൽ നിന്നും കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ബിരുദപഠനവും കഴിഞ്ഞാണ് ലാ കോളജിൽ നിയമപഠനത്തിന് ചേർന്നത്. കൊല്ലം മുൻസിഫ് കോടതിയിലാണ് ഫാത്തിമ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചത്. പി.എസ്.സി പരീക്ഷയിലൂടെ നിയമിക്കപ്പെട്ട ആദ്യ മുൻസിഫാണ്. 1958 ലാണ് മുൻസിഫ് ആയി നിയമനം ലഭിക്കുന്നത്. തൃശൂരിൽ നിയമനം ലഭിച്ച ഫാത്തിമാബീവി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതയായ ജുഡീഷ്യൽ ഓഫീസർ എന്ന സ്ഥാനത്തിനും അർഹയായി. 1974ൽ ജില്ലാ ജഡ്ജിയായതോടെ രാജ്യത്തെ ഒന്നാമത്തെ മുസ്ലിം വനിത ജഡ്ജി എന്ന ബഹുമതിയും ലഭിച്ചു
1980 ൽ ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ മെമ്പർ ആയതോടെ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി.1968ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി. പിന്നീട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയും ജില്ലാ സെഷൻസ് ജഡ്ജായും സ്ഥാനക്കയറ്റം. 1984ൽ ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. ഹൈക്കോടതിയിലെ ആദ്യ മുസ്ളീം ജഡ്ജി എന്ന ബഹുമതിയും ലഭിച്ചു.1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി. മൂന്ന് വർഷം ആ പദവിയിലിരുന്ന ശേഷമാണ് വിരമിച്ചത്. 1997ൽ തമിഴ്നാട് ഗവർണറായി അന്നത്തെ കേന്ദ്രസർക്കാർ നിയമിച്ചപ്പോൾ, ആ സ്ഥാനം അലങ്കരിച്ച ആദ്യ മുസ്ളീം വനിതയായി. പ്രവർത്തന മണ്ഡലത്തിലെ മികവിന് അംഗീകാരമായി സ്ഥാനമാനങ്ങൾ ഫാത്തിമബീവിയെ തേടിയെത്തിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്..