വിനോദസഞ്ചാര മേഖലയില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനായി കഠിന പരിശ്രമത്തിലാണ് തായ്‌ലന്‍ഡ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിനോദസഞ്ചാര മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളില്‍ പലതും വലിയ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ മദ്യത്തിന്റെയും നിശാക്ലബ്ബുകളുടെയും നികുതി വെട്ടിക്കുറച്ചിരിക്കയാണ് തായ്‌ലന്‍ഡ് ഭരണകൂടം.
വൈനുകളുടെ നികുതി 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. മറ്റ് മദ്യ നികുതികളും വലിയ രീതിയില്‍ കുറച്ചിട്ടുണ്ട്. നിശാക്ലബ്ബുകള്‍ക്ക് ചുമത്തിയിരുന്ന എക്‌സൈസ് നികുതി പകുതിയായും കുറച്ചു. പത്ത് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്കാണ് കുറച്ചത്. ഈ വര്‍ഷം തന്നെ ഈ പുതിയ നികുതികള്‍ പ്രാബല്യത്തില്‍ വരും.
നേരത്തെ നിശാക്ലബ്ബുകളുടെയും കരോക്കേ ബാറുകളുടെയും പ്രവര്‍ത്തന സമയം നീട്ടി നല്‍കിയിരുന്നു. ഇത് പ്രകാരം ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലെ നിശാക്ലബ്ബുകളും ബാറുകളും പുലര്‍ച്ചെ നാലുമണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ മദ്യത്തിന്റെ നികുതി കുറയ്ക്കുകയും ചെയ്തിരിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിസ നിയമങ്ങളിലും വന്‍ ഇളവുകളാണ് തായ്‌ലന്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യ, തായ്‌വാന്‍ മുതലായ രാജ്യങ്ങള്‍ക്ക് താല്‍ക്കാലികമായും ചൈനയ്ക്ക് സ്ഥിരമായുമാണ് തായ്‌ലന്‍ഡ് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്.
2023 ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 2.2 കോടി വിദേശ സഞ്ചാരികളാണ് തായ്‌ലന്‍ഡിലെത്തിയത്. 25 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വരുമാനമാണ് ഇതിലൂടെ രാജ്യത്തിനുണ്ടായത്. എന്നാല്‍ കോവിഡിന് മുന്‍പത്തെ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ടൂറിസം വളര്‍ച്ച ആശാവഹമല്ല.