തിരുവനന്തപുരം : ഫെഡറല്‍ ബാങ്ക് – കൊച്ചി മാരത്തണുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന തീരുമാനം അറിയിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് ക്ലിയോ സ്പോര്‍ട്സ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തത്. കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായുള്ള ക്ലിയോ സ്‌പോര്‍ട്‌സ് ഫെബ്രുവരി 11 ന് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് – കൊച്ചി മാരത്തണുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനം ആയത്. സ്‌പോര്‍ട്‌സ് ടൂറിസം ഭൂപടത്തില്‍ കൊച്ചിയെ അടയാളപ്പെടുത്തുന്നതിനായി തുടക്കം കുറിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ വന്‍ വിജയമാക്കുന്നതിനായി ടൂറിസം വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന പങ്കാളിത്തമുള്ള പരിപാടിയായി മാരത്തണ്‍ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി ബന്ധപ്പെട്ട് വരും വര്‍ഷങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വിനോദസഞ്ചാര പരിപാടി രൂപപ്പെട്ടു വരാനുള്ള സാധ്യതയുണ്ടെന്ന് ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു.
ഫെഡറല്‍ ബാങ്ക് – കൊച്ചി മാരത്തണുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്

- Advertisement -