പുതിയ ലോഗോയും ബ്രാന്‍ഡ് നിറങ്ങളും മാത്രമല്ല ബ്രാന്‍ഡ് മ്യൂസിക്കും അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Written by Taniniram Desk

Published on:

കൊച്ചി : എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാറ്റത്തിന്റെ പാതയിലാണ്. അതിന്റെ മുന്നോടിയെന്നോണം പുതിയ ലോഗോയും ബ്രാന്‍ഡ് നിറങ്ങളും എയര്‍ ഇന്ത്യ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ലോഗോയ്ക്കും നിറങ്ങള്‍ക്കും ശേഷം പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

ബ്രാന്‍ഡ് മ്യൂസിക്ക് എന്നൊരു പുതിയൊരു ആശയവുമായിട്ടാണ് അവര്‍ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റി പുതുക്കലിന്റെ ഭാഗമായാണ് ഇതെന്ന് അവര്‍ വിശദീകരിക്കുന്നു. കരുണ, വീര്യം, അത്ഭുതം എന്നിങ്ങനെ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ മൂന്ന് വ്യത്യസ്ത രസങ്ങളിലൂടെ എയര്‍ ഇന്ത്യ എക്‌സ്പ്രസെന്ന ബ്രാന്‍ഡിന്റെ സത്തയെ കലാപരമായി ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നത്.

യാത്രാനുഭവങ്ങള്‍ പലപ്പോഴും മറക്കാനാവാത്ത ഓര്‍മകളാണെന്നും ആ ഓര്‍മകള്‍ക്ക് ഈണം നല്‍കുന്ന വിധത്തിലാണ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് തയ്യാറാക്കിയിരിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സിദ്ധാര്‍ത്ഥ ബുടാലിയ പറഞ്ഞു. ഈ ബ്രാന്‍ഡ് മ്യൂസിക്കിന്റെ മിഡില്‍ ഈസ്റ്റ് പതിപ്പും ക്രിസ്മസ് പതിപ്പും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്.

ഏഷ്യയിലെ പ്രമുഖ സോണിക് ബ്രാന്‍ഡിംഗ് സ്ഥാപനമായ ബ്രാന്‍ഡ് മ്യൂസിക്കുമായി സഹകരിച്ചാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബ്രാന്‍ഡ് മ്യൂസിക്ക് വികസിപ്പിച്ചെടുത്തത്.

Leave a Comment