പൊട്ടിച്ച പടക്കം തെറിച്ച് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

Written by Taniniram1

Published on:

ചാലക്കുടി : പടക്കം പൊട്ടിച്ചത് തെറിച്ച് വീണ ബൈക്കിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി 25 വയസ്സുള്ള ശ്രീകാന്ത്‌ ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ചാലക്കുടി പരിയാരം അങ്ങാടി കപ്പേളക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. സെന്റ് ജോർജ് പള്ളിയിലെ അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് സംഭവം നടന്നത്. അമ്പ് കടന്നുവരുന്ന വഴിയുടെ അടുത്തുള്ള കടയിൽ നിന്ന് കോഴിയിറച്ചി വാങ്ങാനെത്തിയതായിരുന്നു ശ്രീകാന്ത്. ഇറച്ചി ഓർഡർ ചെയ്ത് ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. അതിനിടെ പൊട്ടിയ പടക്കം തെറിച്ച് ബൈക്കിന്‍റെ പെട്രോള്‍ ടാങ്കിന് മുകളില്‍ വീണ് തീ പിടിക്കുകയായിരുന്നു. തീപിടുത്തത്തിൽ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്രീകാന്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു.

Leave a Comment