പട്ടിക്കാട്. ഡ്രീംസിറ്റിയിൽ പ്രവർത്തിക്കുന്ന പാണഞ്ചേരി ഫാർമേഴ്‌സ് ക്ലബ്ബിന്റെ മാർക്കറ്റിൽ നൽകിയ വാഴക്കുലകളുടെ തൂക്കത്തിൽ കുറവു വരുത്തിയതായി കാണിച്ച് കർഷകനായ ആൽപ്പാറ സ്വദേശി ബാബുരാജൻ പീച്ചി പോലീസിൽ പരാതി നൽകി. പതിവായി തൂക്കത്തിൽ വ്യത്യാസം വരുന്നുണ്ടെന്ന സംശയത്തെ തുടർന്ന് മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ പത്ത് നേന്ത്രക്കായ കുലകളും ഒരു ചെറുകായയും ഏഴ് പൂവൻ കുലകളുമുൾപ്പെടെ 212 കിലോ തൂക്കം അളന്ന് രേഖപ്പെടുത്തി ഫാർമേഴ്സ‌് ക്ലബ്ബിൽ കൊടുത്ത കുലകൾ അവിടെ തൂക്കമെടുത്തപ്പോൾ 51 കിലോ കുറവുള്ളതായി കണ്ടെത്തിയെന്ന് ബാബുരാജൻ പരാതിയിൽ പറയുന്നു. മാർക്കറ്റിൽ കൊടുക്കുന്ന കുലകൾ അപ്പോൾ തന്നെ തൂക്കം എടുക്കുന്നില്ലെന്നും പിന്നീടാണ് തൂക്കം രേഖപ്പെടുത്തിയ ബില്ലും തുകയും നൽകുന്നതെന്നും ബാബുരാജൻ പറഞ്ഞു. ഇതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
എന്നാൽ പരാതിക്കാരനുമായി പീച്ചി പോലീസ്റ്റേഷനിൽ വെച്ച് ഇക്കാര്യം ചർച്ച ചെയ്ത് ഒത്തു തീർപ്പിലെത്തിയതാണെന്ന് ഫാർമേഴ്സ് ക്ലബ്ബിന്റെ മാനേജിംഗ് ഡയറക്ടർ തോമസ് സാമുവൽ പറഞ്ഞു. മാർക്കറ്റിൽ കൊണ്ടുവരുന്ന കുലകൾ ലേലം ചെയ്തതിന് ശേഷമാണ് തൂക്കം എടുക്കുന്നത്. ആ സമയത്ത് തൂക്കമെടുക്കുന്നത് പരിശോധിച്ച് ഉറപ്പുവരുത്താൻ കുല കൊണ്ടുവരുന്നവർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഫാർമേഴ്സ് ക്ലബ്ബിൽ കൊടുക്കുന്ന വാഴക്കുലകളുടെ തൂക്കത്തിൽ കുറവ് വരുത്തുന്നു എന്ന് പരാതി

- Advertisement -
- Advertisement -