ചെമ്പൂത്ര മകര ചൊവ്വ മഹോത്സവം 16ന് വർണ്ണാഭമാകും

Written by Taniniram1

Published on:

പട്ടിക്കാട്: ചരിത്രപ്രസിദ്ധമായ മകരച്ചൊവ്വ മഹോത്സവത്തിന് മൂന്നു നാൾ കൂടി. പാണഞ്ചേരിയിൽ മാത്രമല്ല ദേശാന്തരങ്ങളിലും ഖ്യാതി നേടിയ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടക്കമായി. ജനുവരി 16നാണ് ചെമ്പൂത്ര പൂരം. കരിവീരന്മാർ അണിനിരക്കുന്ന കൂട്ടിയെഴുന്നെള്ളിപ്പും പാണ്ടിയും പഞ്ചാരിയും തീർക്കുന്ന മേളപ്രപഞ്ചവും അനുഭവിക്കാൻ ആയിരങ്ങൾ അമ്പലപ്പറമ്പിലേക്ക് ഒഴുകിയെത്തും. ദേശങ്ങളുടെ നാട്ടിടവഴികളിലും നാലാൾ കൂടുന്നിടത്തും ഇനി പൂരവിശേഷങ്ങൾ മാത്രം.
ജനുവരി 10 ബുധനാഴ്‌ച രാവിലെ 9ന് ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ മുരളീകൃഷ്‌ണൻ നമ്പൂതിരി ഉത്സവത്തിന്കൊടിയേറ്റി. തുടർന്ന് വൈകീട്ട് ടി.എൻ പ്രതാപൻ എം.പി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.കെ രാജേഷ്
അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ്പ്രസിഡൻ്റ് സാവിത്രിസദാനന്ദൻ, ജനപ്രതിനിധികൾ,
ക്ഷേത്രംഭരണസമിതിയംഗങ്ങൾ എന്നിവരും പങ്കെടുത്തു. ജനുവരി 14ന്ഞായറാഴ്ച രാവിലെ 7 മണി മുതൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ
ക്ഷേത്രമുറ്റത്ത് പൊങ്കാലച്ചടങ്ങുകൾ നടക്കും. ജനുവരി 16 ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് നടതുറപ്പോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും.ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉത്സവത്തിൽ പങ്കാളികളായ 41ദേശങ്ങളിൽ നിന്നുള്ള പൂരം എഴുന്നെള്ളിപ്പുകൾക്ക് വരവേൽപ്പ് നൽകും.അഞ്ചര മുതൽ ക്ഷേത്രാങ്കണത്തിൽ കൂട്ടിയെഴുന്നെള്ളിപ്പ് ആരംഭിക്കും. വിവിധ ദേശങ്ങൾക്കായി 41ഗജവീരന്മാർ അണിനിരക്കും.എടപ്പലം ദേശത്തിന്റെ കരിവീരൻ പാമ്പാടി രാജൻ ഭഗവതിയുടെ തിടമ്പേറ്റും. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം വിസ്മയം തീർക്കും. ബുധനാഴ്ച രാവിലെ ആറുമണിക്ക് നടക്കുന്ന കൂട്ടിയെഴുന്നെള്ളിപ്പിന് ചേറൂർ രാജപ്പൻമാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരി മേളം അലയടിക്കും. തുടർന്ന് ഒരുകുളങ്ങരയിലെ ആറാട്ടോടെ
ഉത്സവത്തിന് സമാപനമാകും.

Leave a Comment