തിരുവമ്പാടി വേല ഇന്ന്; വെടിക്കെട്ട് നാളെ പുലർച്ചെ

Written by Taniniram Desk

Published on:

തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ വേല ആഘോഷം ഇന്ന്. രാവിലെ മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. ഏഴിന് ചതുഃശ്ശതം മഹാനിവേദ്യം നടക്കും. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, പഞ്ചവാദ്യം എന്നിവ അരങ്ങേറും. ഏഴിന് തായമ്പക നടക്കും. 8.15-ന് ശീവേലിയും 8.45-ന് കളംപാട്ടും നടക്കും.

ഒൻപതിന് ഭഗവതിയുടെ വേല എഴുന്നള്ളത്ത് ആരംഭിക്കും. കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം അകമ്പടിയാകും. 12.30-ന് പഞ്ചവാദ്യം നായ്കനാലിൽ സമാപിക്കും. തുടർന്ന് വെടിക്കെട്ട് നടക്കും. വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനുമതി നൽകി.

നിശ്ചിത മാനദണ്ഡങ്ങൾപ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമിച്ചതും നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ അംഗീകൃത നിർമിത പടക്കങ്ങൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് നടത്താനാണ് അനുമതി. ഒരുമണിക്ക് ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം നടക്കും. 2.30-ന് തിരുവമ്പാടി ഭഗവതിയും ശങ്കരംകുളങ്ങര ഭഗവതിയും വടക്കുന്നാഥനെ പ്രദക്ഷിണംവെച്ച് തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. പുലർച് മൂന്നരയോടെയുള്ള വടക്കുംഭാഗത്തെ ഗുരുതിയോടെ വേലയ്ക്ക് സമാപനമാകും.

Leave a Comment