കൊടുങ്ങല്ലൂർ : ലൈഫ് പദ്ധതിയിൽ വീടു പണിയാമെന്ന മോഹം ലക്ഷ്യം കണ്ടില്ല. നാട്ടുകാരുടെ സഹായത്തോടെ വീടു പണിയാൻ ഫണ്ട് ശേഖരണം നടത്താനിരിക്കെ ഗൃഹനാഥനെ കാണാതായി. പുല്ലൂറ്റ് കോഴിക്കട വി ടി നന്ദകുമാർ റോഡിൽ താമസിക്കുന്ന പഴംപള്ളത്ത് മുകുന്ദനെയാണ് കാണാതായത്. വീട്ടുകാരും നാട്ടുകാരും പല ദിവസങ്ങളായി അന്വേഷണം നടത്തിയിട്ടും ആളെ കണ്ടുകിട്ടാനായില്ല. കാലപ്പഴക്കം ചെന്ന വീട് നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണിയാൻ നടപടി തുടങ്ങിയിരുന്നു. എന്നാൽ മാസങ്ങൾ കഴി ഞ്ഞിട്ടും പണം എത്തിയിട്ടില്ലായെന്ന് പറഞ്ഞ് നീണ്ടുപോകുകയായിരുന്നു. ഇവർ താൽക്കാലികമായി താമസിക്കുന്ന വീട്ടിൽ മഴയും, വെയിലും, ഇഴജന്തുക്കളുടെ ശല്യവും കാരണം താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. ലൈഫ് പദ്ധതിയുടെ ഫണ്ട് വൈകുന്നതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് വീട് വച്ച് കൊടുക്കാൻ തീരുമാനം എടുക്കുന്നതിനിടെയാണ് മുകുന്ദനെ കാണാതായത്. വീട് പണിയാൻ പറ്റാത്ത വിഷമം സഹോദരനെ അലട്ടിയിരുന്നതായി സഹോദരി വിമല പറഞ്ഞു. വിമലയും മുകുന്ദനും മാത്രമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. പ്രായമായ ഇവർ സർക്കാരിൻ്റെ പെൻഷനും, നാട്ടുകാരുടെ ചെറിയ സഹായങ്ങളും കൊണ്ടാണ് ജീവിച്ചു പോരുന്നത്. കഷ്ടപ്പാട് നിറഞ്ഞ അവസ്ഥയിലാണ്, കുടുംബത്തിന്റെ അത്താ ണിയായ മുകുന്ദനെ കാണാതായത്. സഹോദരനെ കണ്ടെത്താൻ പരസഹായം തേടുകയാണെന്നും, കണ്ടുകിട്ടുന്നവർ കൊടുങ്ങല്ലൂർ പോലീസിൽ വിവരമറിയിക്കണമെന്ന് വിമല ആവശ്യപ്പെടുന്നു.
Related News