ഗുരുവായൂർ ആയിരംപറ ഒരുക്കി ഭക്‌തർ കാത്തുനിന്നു. മഞ്ഞളിലും കുങ്കുമത്തിലും ആറാടി ഭഗവതി നിറപറകൾ സ്വീകരിച്ചു. അക്ഷതമെറിഞ്ഞ് കോമരം അനു ഗ്രഹിച്ചു. ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി സംഘം നാട്ടുകാരുടെ വകയായി നടത്തിയ പിള്ളേര് താലപ്പൊലി ആഘോഷമായി.
താലപ്പൊലിക്കായി ഗുരുവായൂർ ക്ഷേത്രത്തിലെ പൂജകളും ശീവേലിയും നേരത്തെ പൂർത്തിയാക്കി 11.30ന് നടയടച്ചു. ഭഗവതി വാതിൽമാടത്തിൽ ചെമ്പട്ടുടുത്ത് അരമണി കെട്ടി കോമരം സുരേന്ദ്രൻനായർ സ്വർണ പള്ളി വാൾ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12ന് വാൽക്കണ്ണാടിയും തിരുവുടയാടയുമായി ഭഗവതിയുടെ തിടമ്പ് കൊമ്പൻ ഇന്ദ്രസെൻ്റെ പുറത്ത് എഴുന്നള്ളിച്ചു. ചെർപ്പുളശേരി ശിവനും പല്ലാവൂർ ശ്രീധരനും നയിച്ച പഞ്ചവാദ്യം അകത്ത് പതികാലം കൊട്ടിത്തിമർത്തു. പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ മൂന്നാനകൾ നിരന്നു.
പഞ്ചവാദ്യം കിഴക്കേനടപ്പുരയിൽ പാണ്ടിമേളത്തിന് വഴിമാറി. തിരുവല്ല രാധാകൃഷ്‌ണനും കോട്ടപ്പടി സന്തോഷ്‌മാരാരും ഗുരുവായൂർ ശശിയും ചൊവ്വല്ലൂർ മോഹനനും മേളം നയിച്ചു. വൈകിട്ട് 4ന് മേളം നിലച്ചു.
നടപ്പുരയിൽ നിരനിരയായി വച്ച നൂറു കണക്കിന് പറകളിൽ നെല്ല്, അരി, അവിൽ, മലർ, പുഷ്‌പം, കുങ്കുമം, മഞ്ഞൾപ്പൊടി എന്നിവ നിറച്ച് ഭക്‌തർ കാത്തു നിന്നു. കോ മരം പറ സ്വീകരിച്ച് മഞ്ഞൾപ്പൊടിയും കുങ്കുമവും വാരിയെറിഞ്ഞു. നടയ്ക്കൽപ്പറയ്ക്കു ശേഷം നാഗസ്വരത്തിൻ്റെ അകമ്പടിയിൽ കുളപ്രദക്ഷിണം. ചുറ്റുഭാഗത്തും നിറപറകൾ വച്ച് ഭക്‌തർ വരവേറ്റു. രാത്രിയും എഴുന്നള്ളിപ്പു൦ പഞ്ചവാദ്യവുമുണ്ടായി.
ഒരു നൂറ്റാണ്ടിനപ്പുറം നാട്ടിലെ യുവാക്കളുടെ ശ്രമത്തിൽ ആരംഭിച്ച ആഘോഷമായതിനാലാണ് പിള്ളേര് താലപ്പൊലി എന്ന പേരു വന്നത്.