കേരള ചരിത്രത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയ സ്ത്രീ നാടക കഥാപാത്ര വിളംബര യാത്ര തൃശ്ശൂരിൽ.
ഇന്ന് വൈകിട്ട് 5 ന് സാഹിത്യ അക്കാദമിയിൽ നിന്ന് തൃശൂർ കോർപ്പറേഷൻ തെരുവ് വായനശാലയിലേക്കാണ് വിളംബര യാത്ര നടത്തുന്നത്.
മലയാള നാടകത്തിലെ സ്ത്രീകഥാപാത്രങ്ങൾ തങ്ങൾ കഥാപാത്രങ്ങളായ പുസ്തകങ്ങൾ തൃശൂർ തെരുവ് വായനശാലക്ക് സമ്മാനമായി നൽകും. വനിതാ സാഹിതി സംസ്ഥാന തലത്തിൽ ജനുവരി 25 മുതൽ 28 വരെ പീച്ചിയിൽ നടത്തുന്ന “തട്ടകം” വനിതാ നാടക ശില്പശാലയുടെ ഭാഗമായാണ് നാടകത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ വിളംബര യാത്ര. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള നാടകസാഹിത്യത്തിലെ അവിസ്മരണിയമായ സ്ത്രീ കഥാപാത്രങ്ങൾ സാംസ്കാരിക നഗര വീഥിയിലൂടെ നീങ്ങുന്നത്. ചരിത്രത്തിൽ അടയാളപ്പെടുത്തിയ സ്ത്രീ കഥാപാത്രങ്ങൾ വേഷവിധാനത്തിലൂടെയും ഭാവഗരിമയിലൂടെയുമാണ് നഗരവീഥി കീഴടക്കി തൃശ്ശൂർ കോർപ്പറേഷനു മുന്നിലെത്തുന്നത്.
ഇരുണ്ടകാലത്തിൻ്റെ അടുക്കളയിൽ നിന്ന് അരങ്ങിലെത്തിയ വി ടി ഭട്ടത്തിരിപ്പാടിന്റെ നായികയും, സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ ഉജ്ജ്വലമായ പ്രഖ്യാപനം നടത്തിയ ചെറുകാടിൻ്റെ സ്വതന്ത്രയും, കൃഷിയിലും ജീവിതത്തിലും മതത്തിൻ്റെ വേലികെട്ടുകൾ തകർത്തെറിഞ്ഞ് പുതുവഴി തെളിയിച്ച ഇടശ്ശേരിയുടെ കൂട്ടുകൃഷിയും, മറക്കുടക്കുള്ളിലെ മഹാ നരകം കണിച്ചു തന്ന (MRB) എം ആർ ബിയുടെ കഥാപാത്രം, പ്രേംജിയുടെ ഋതുമതി , പെണ്ണിന് കരുത്തുപകരാൻ തൊഴിൽ അനിവാര്യമെന്നറിഞ്ഞ സ്ത്രീ കൂട്ടായ്മ തയ്യാറാക്കിയ തൊഴിൽ കേന്ദ്രത്തിലേക്ക്, ഇത് ഭൂമിയാണെന്ന് പ്രഖ്യപിച്ച് ഈ ഭൂമിയിൽ മുസ്ലിം സ്ത്രീകൾ പുരുഷൻ്റെ അടിമയല്ലെന്ന് മാലോകരെ അറിയിച്ച കെ ടി മുഹമ്മദിൻ്റെ കഥാപാത്രം ആമിനയും, ജന്മിമാർ വാണിരുന്ന ദുരിതകാലത്തെ മറികടന്ന കെ.ദാമോദരൻ്റെ പാട്ടബാക്കി കേരളമാകെ ഇളക്കിമറിച്ച് ചെങ്കടലാക്കി രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിലെ മാല, മലയാളിയുടെ കപട സദാചാര ബോധത്തിനെ വെല്ലുവിളിച്ച എൻ എൻ പിള്ളയുടെ കാപാലിക , രാമായണത്തിലെ പുരാണ കഥാപാത്രങ്ങളെ പുതിക്കിയെഴുതിയ സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മിയിലെ മണ്ഡോതിരിയും, മലയാള നാടക വേദിയിലേക്ക് മനോഹരമായി ബൈബിൾ സന്നിവേശിപ്പിച്ചു കൊണ്ട് സാഹിത്യത്തിൽ ചിരപ്രതിഷഠനേടിയ സി ജെ തോമസിൻ്റെ അവൻ വീണ്ടും വരുന്നു എന്ന നാടകത്തിലെ നായിക, തൻ്റെ അരികിലുള്ള ദൈവത്തെ കാണാതെ ദൈവത്തെ തേടിയലയുന്ന പഞ്ചപാണ്ഡവരിലൂടെ വ്യർത്ഥമായി യാത്ര ചെയ്യുന്ന പുതിയ കാല ജീവിത ചിത്രം വരച്ചു കാണിക്കുന്ന കറുത്ത ദൈവത്തെ തേടി, യുദ്ധത്തിനെതിരെ അമ്മമാരുടെ പ്രതിക്ഷേധ കാവ്യം തീർത്ത ഡോ : വയലാ വാസുദേവൻ പിള്ളയുടെ ആണ്ടുബലി, തനതുനാടകവേദിയിലൂടെ നാട്ടു പെണ്ണിൻ കരുത്തിൻ ദൃശ്യമൊരുക്കിയ കാവാലം നാരയണ പണിക്കരുടെ കല്ലുരുട്ടി, വിശപ്പിൻ്റെ വിളിയറിഞ്ഞ പി എം താജിൻ്റെ കുടുക്കയിലെ രാധ അങ്ങിനെ സ്ത്രീകളുടെ വിവിധ ഭാവതലങ്ങളിലുള്ള കരുത്തുറ്റ കഥാപാത്രങ്ങൾ അവർക്ക് ജീവൻ പകർന്ന രചയിതാക്കളെ തൃശൂരിലെ ഏതൊരു പൗരനും പുസ്തകങ്ങളെ അടുത്തറിയാൻ കഴിയുന്ന വിധം കോർപ്പറേഷൻ ഒരുക്കിയിട്ടുള്ള തെരുവ് വായനശാലക്ക് കഥാപാത്രങ്ങൾ ആയി മാറിയ അഭിനേതാക്കൾ പുസ്തകങ്ങൾ സമ്മാനമായി നൽകും.