ഹരിതവിപ്ലവം തീർക്കാൻ ഹരിതം കാർഷിക സ്മൃതി

Written by Taniniram

Published on:

കെ. ആർ.അജിത

കെ. ആര്‍.അജിത

തൃശൂര്‍: കാര്‍ഷികവൃത്തി ആര്യദ്രാവിഡ സംസ്‌കൃതിയില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ്. പുരാതനകാലത്തും കൃഷിതന്നെയായിരുന്നു നമ്മുടെ പ്രധാന തൊഴിലും വരുമാന സ്രോതസ്സും. വിദ്യാഭ്യാസം നേടിയതോടെ കൃഷിയില്‍ നിന്നും മറ്റു തൊഴില്‍ മേഖലയിലേക്ക് പലരും ചേക്കേറി. ഈ ആധുനികകാലത്ത് വീണ്ടും കൃഷിയുടെ തണലിലേക്ക് ചുവടുമാറ്റം നടത്തുകയാണ് ഇന്നത്തെ യുവത. അങ്ങനെ ഒരു കര്‍ഷക കൂട്ടായ്മ തൃശൂര്‍ വടൂക്കരയിലുണ്ട്. ഹരിതം കാര്‍ഷിക സ്മൃതി കര്‍ഷക കൂട്ടായ്മ. വടൂക്കരയില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ വളരെ വിരളമാണ്. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളില്‍ പച്ചക്കറിയും, പൂകൃഷിയുമൊക്കെയായി ഹരിതവിപ്ലവം തീര്‍ക്കുകയാണ് ഈ കൂട്ടായ്മ.

വടൂക്കര ചുള്ളിക്കാട്ടില്‍ പ്രദീപിന്റെ 20 സെന്റ് സ്ഥലത്ത് 250 ചേനയാണ് ഇത്തവണ ഓണത്തിന് വിളവെടുക്കാന്‍ തയ്യാറായിരിക്കുന്നത്. എസ്.എന്‍ നഗര്‍ ചന്ദ്രിക ലൈനില്‍ പാളയംകോട് നസീറിന്റെ 20 സെന്റ് സ്ഥലത്തും ടിഷ്യു കള്‍ച്ചര്‍ വാഴകളും ഹരിതം കൂട്ടയ്മയുടെ നേതൃത്വത്തില്‍ കൃഷി ചെയ്തു വരുന്നു. കൃഷിക്കു വേണ്ട വിത്തും വളവും തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും കൂര്‍ക്കഞ്ചേരി കൃഷിഭവനില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതെന്ന് ഹരിതം കാര്‍ഷിക സ്മൃതി കോ-ഓര്‍ഡിനേറ്റര്‍ മാളികയില്‍ ഷക്കീര്‍ പറഞ്ഞു. തികച്ചും ജൈവ കൃഷി രീതിയിലാണ് ഇവര്‍ കൃഷി ചെയ്യുന്നത്. വാഴ കൃഷിയുടെയും ചേനകൃഷിയുടെയും ഇടവിളയായി വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി എന്നിവയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ മഴകെടുതിയില്‍ പച്ചക്കറി കൃഷികള്‍ എല്ലാം നശിച്ചുപോയി. ജൈവവളമായ ചാണകവും കമ്പോസ്റ്റും മാത്രമാണ് ഹരിതം കര്‍ഷക കൂട്ടായ്മ കൃഷിയ്ക്കു ഉപയോഗിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി കൊണ്ടു വരുന്ന ലോറി ഡ്രൈവറായ ഷക്കീര്‍ അവിടെ കണ്ട കാഴ്ചകളാണ് കൃഷി കൂട്ടായ്മയുണ്ടാക്കാന്‍ പ്രചോദനം ആയത്. മല്ലിയില, പുതിനയില, വേപ്പില എന്നിവയിലും പെട്ടെന്ന് ചീയുന്ന പച്ചക്കറികളിലും നശിക്കാതിരിക്കാന്‍ ധാരാളമായി വിഷം ഉപയോഗിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. കാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങളാണ് ഇത്തരം പച്ചക്കറികളുടെ ഉപയോഗത്തിലൂടെ മനുഷ്യര്‍ക്ക് പിടിപെടുന്നത്.

നമ്മുടെ വീട്ടിലെ തൊടിയിലുള്ള വേപ്പില പറിച്ചു വെച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ വാടിപോകും തമിഴ്‌നാട്ടിലെ വേപ്പില വാടിപോകുന്നില്ല. ഷക്കീര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് 40 കളില്‍ എത്തുമ്പോഴേക്കും യുവത രോഗങ്ങളുടെ പടിയിലായിക്കഴിഞ്ഞു. നമ്മള്‍ കഴിക്കുന്ന ഭക്ഷണം വിഷമയമാണെന്ന് ഇതില്‍ നിന്നും മനസ്സിലാവുന്നത്.
ഹരിതം കാര്‍ഷിക സ്മൃതിയുടെ നേതൃത്വത്തില്‍ വടൂക്കര കളത്തില്‍ സുകുമാരന്റെ 22 സെന്റ് സ്ഥലത്ത് നൂറിലേറെ ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വിളവെടുക്കാന്‍ പാകമാവാറായ വാഴകളാണ് സാമൂഹ്യ വിരുദ്ധര്‍ ചവുട്ടി ഒടിച്ചു കളഞ്ഞത്. മക്കളെ നോക്കുന്ന പോലെ നോക്കിക്കൊണ്ടു വന്നതാ! വേനല്‍ക്കാലത്ത് വെള്ളം ചുമന്ന് കൊണ്ടു വന്നാണ് നട്ടു നനച്ചത്. പറയുമ്പോള്‍ ഷക്കീറിന്റെ കണ്ഠമിടറി … കണ്ണു നിറഞ്ഞു…പോലീസ് കേസായെങ്കിലും നഷ്ട പരിഹാരം പകുതി മാത്രമേ കിട്ടിയുള്ളു ഷക്കീര്‍ പറഞ്ഞു. ഓണം ആവുമ്പോഴേക്കും ചേനയുടെ വിളവെടുപ്പിന് കാത്തിരിക്കുകയാണ് ഈ കര്‍ഷക കൂട്ടായ്മക്കാര്‍. ഒരു ടണ്ണിലേറെ ചേന ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഹോര്‍ട്ടി കോര്‍പ്പ് മുഖേനയാണ് വിപണി കണ്ടെത്തുന്നത്. ഷക്കീറിനെ കൂടാതെ ശിവദാസ് മങ്കുഴി, എ.ആര്‍ സുകുമാരന്‍, സിജിത്ത് എം.എസ് എന്നിവരും നേതൃത്വം നല്‍കുന്നു.

See also  ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27 ന്

Related News

Related News

Leave a Comment