എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ല: ബാര്‍ ഉടമകള്‍

Written by Taniniram1

Published on:

തൃശ്ശർ : തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ബാർ ഉടമകൾ. ഇരിങ്ങാലക്കുട, തൃശൂർ ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. വർഷത്തില്‍ 15 തവണ മുപ്പതിനായിരം രൂപ വീതം ബാര്‍ ഒന്നിന് നല്‍കേണ്ടി വന്നെന്ന പരാതിയിലാണ് സംഘടന തീരുമാനമെടുത്തത്. തൃശൂർ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് ബാര്‍ ഉടമകള്‍ ഉയര്‍ത്തുന്നത്.
എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണം എന്ന് അംഗങ്ങൾ ആവശ്യം ഉയര്‍ത്തിയത്. ഇനിയും കൈക്കൂലി ആവശ്യപെട്ടാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കിയത്. തൃശൂർ ജില്ലയില്‍ ഒരു ബാര്‍ മുപ്പതിനായിരം രൂപ പ്രതിമാസം എക്സൈസ് സംഘത്തിന് കൈക്കൂലി നല്‍കുന്നുവെന്നാണ് ബാറുടമകള്‍ പറയുന്നത്. 12 മാസവും മാസപ്പടി നല്‍കുന്നതിന് പുറമെ മൂന്ന് ഉത്സവ സമയത്തും മാസപ്പടി നല്‍കേണ്ടി വരുന്നുണ്ട്. പരാതി വ്യാപകമായതോടെയാണ് കൈക്കൂലി നല്‍കേണ്ടെന്ന തീരുമാനം സംഘടന വീണ്ടും എടുത്തത്. 2017 ല്‍ സമാന തീരുമാനമെടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ ആ തീരുമാനം ഒന്നുകൂടെ ഉറപ്പിക്കുകയായിരുന്നെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മദാസ് പറഞ്ഞു.

Leave a Comment