നാടെങ്ങും ശിവരാത്രി മയം

Written by Taniniram Desk

Published on:

ജ്യോതിരാജ് തെക്കൂട്ട്

ശിവപഞ്ചാക്ഷരി മന്ത്രമുച്ചരിച്ച്, ഉറക്കമിളച്ച് ശിവനിലെ ജീവശക്തിയിലേക്ക് ഉണരുന്ന ദിവസം

മഹാശിവരാത്രി ആഗതമായിരിക്കുകയാണ്. ശിവരാത്രിയുടെ മാഹാത്മ്യവും, പുണ്യവും ഹിന്ദുമത വിശ്വാസികൾക്ക് വിശിഷ്യാ ശിവ ഭക്തർക്ക് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. മാഘമാസത്തിൽ കൃഷ്ണപക്ഷത്തിലെ അമാവാസി ദിവസമാണ് മഹാശിവരാത്രി. കുണ്ഡലിനി ശക്തിയും പ്രാപഞ്ചിക ശക്തികളും സാധകൻ്റെ ശ്രേയസ്സിന് അനുകൂലമായി ചലിക്കുന്ന ദിവസമാണിതെന്ന് ആചാര്യന്മാർ പറയുന്നു. എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഭക്തർ വ്രതാനുഷ്ഠാനങ്ങളോടെ ,ശിവപഞ്ചാക്ഷരി മന്ത്രമുച്ചരിച്ച്, ഉറക്കമിളച്ച് ശിവനിലെ ജീവശക്തിയിലേക്ക് ഉണരുന്ന ദിവസം.

ശിവരാത്രി ദിവസം ഭക്തിപുരസരം ക്ഷേത്ര ദർശനം നടത്തുകയാണെങ്കിൽ നമ്മൾ അറിയാതെ ചെയ്തു പോയ പാപങ്ങൾ പോലും ഇല്ലാതായി മോക്ഷഭാഗ്യം സാധ്യമാകും. ശിവം എന്നാൽ ‘മംഗളം ‘ എന്നാണ്. ശിവരാത്രിയെന്നാൽ മംഗളം തരുന്ന രാത്രി.
ഉപ എന്നാൽ സമീപം, അടുത്ത് എന്നൊക്കെയാണ് അപ്പോൾ ഉപവാസം എന്നു പറഞ്ഞാൽ ഭഗവാൻ്റെ അടുത്ത് വന്നിരിക്കുക എന്നാണ്.
ശിവരാത്രിയിൽ മംഗളകാരകനാകുന്ന ഭഗവാൻ്റെ അടുത്ത് ആത്മ സർപ്പണത്തോടെ ഉപവാസമനുഷ്ഠിക്കുന്നവർക്ക് ഏഴ് ജന്മത്തിലെ പാപങ്ങൾ ഇല്ലാതാകും എന്നാണ് വിശ്വാസം.

ശിവരാത്രി ഐതിഹ്യം

ശിവരാത്രി വ്രതത്തിൻ്റെ ഉത്ഭവത്തെപ്പറ്റി സാധാരണയായി ഒന്നിൽ കൂടുതൽ കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇതാണ്. ഒരിക്കൽ പ്രപഞ്ചത്തിൻ്റെ സൃഷ്ടികർത്താവായ ബ്രഹ്മാവും, പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവും ഒരു തർക്കത്തിലേർപ്പെട്ടു. ‘ആരാണ് വലിയവൻ ‘ ഇതായിരുന്നു തർക്കം. അവസാനം തർക്കം മൂത്ത് കലഹവും അടിയും പിന്നെ യുദ്ധവുമായി ഘോരമായ യുദ്ധം നടക്കാൻ തുടങ്ങിയപ്പോൾ അവർക്ക് മുൻപിൽ ഒരു തേജോകുഞ്ജം പ്രത്യക്ഷപ്പെട്ടു. എന്നാൽ അതിൻ്റെ തുടക്കവും ഒടുക്കവും കാണുന്നില്ല. അത്രയും വലിയൊരു അഗ്നിസ്ഫുലിംഗം. ഇതിൻ്റെ അറ്റം കണ്ടെത്തുന്നവനായിരിക്കും വലിയവൻ എന്നവർ തീരുമാനിച്ചു.

മഹാവിഷ്ണു പന്നിയുടെ രൂപത്തിൽ താഴേക്കും ,ഹംസത്തിൻ്റെ രൂപത്തിൽ ബ്രഹ്മാവ് മുകളിലേക്കും യാത്രയായി. കുറേനേരം യാത്ര ചെയ്തിട്ടും ഇരുവർക്കും അതിൻ്റെ അറ്റം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. വിഷ്ണു മനസ്സിലാക്കി ഇതിൻ്റെ അവസാനം കണ്ടു പിടിക്കാൻ സാധിക്കില്ല എന്ന്. വിഷ്ണു സത്വഗുണപ്രധാനിയാണ്. അതുകൊണ്ട് തന്നെ തെറ്റ് തിരിച്ചറിയാനും അംഗീകരിക്കാനും വിഷ്ണുവിന് കഴിയും. ബ്രഹ്മാവിനും അറ്റം കാണാൻ കഴിഞ്ഞില്ല. എന്നാൽ രജോഗുണ പ്രധാനിയായ ബ്രഹ്മാവ് തോൽവി സമ്മതിച്ചില്ല. മുകളിലേക്ക് പോയ്ക്കൊണ്ടിരുന്നു. അപ്പോൾ മുകളിൽ നിന്നും ഒരു കൈത പൂ വരുന്നതു കണ്ടു. ഏറ്റവും അറ്റത്തു നിന്നും വരുന്നതിനാൽ ബ്രഹ്മാവ് അറ്റം കണ്ടതായി കള്ളസാക്ഷി പറയിച്ചു. അപ്പോൾ പരമേശ്വരൻ ബ്രഹ്മാവിൻ്റെ അഞ്ചാമത്തെ തല നുള്ളി കളഞ്ഞു. അപ്പുറവും ഇപ്പുറവും കാണാൻ കഴിവുള്ള ബ്രഹ്മാവിന് കള്ളം പറഞ്ഞതുകൊണ്ട് ആ പ്രത്യേക സിദ്ധി നഷ്ടമായി. പെട്ടെന്ന് വളരെ വലിയ ആ തേജോഗോളം ചുരുങ്ങി ചെറുതായി ലിംഗരൂപത്തിലായി. ഇത് ശിവപുരാണത്തിലും, ലിംഗപുരാണത്തിലും പരാമർശിക്കുന്നുണ്ട്.

ശിവരാത്രിയെ കുറിച്ച് സാധാരണയായി പറയപ്പെടുന്ന ഐതിഹ്യം ഇപ്രകാരമാണ്. ദേവന്മാരും അസുരന്മാരും കൂടി പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം പരമശിവൻ പാനം ചെയ്തു. ഈ വിഷം ഉള്ളിൽ ചെന്ന് മഹാദേവന് ഹാനി വരാതിരിക്കാൻ പാർവതി ദേവി കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. വായിൽ നിന്നും പുറത്തുവരാതിരിക്കാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും മഹാദേവന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. പരമേശ്വരന് ആപത്തൊസും വാരാതെയിരിക്കാൻ പാർവതി ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി.

ശിവരാത്രി നമ്മൾ ആചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം നമ്മളിൽ അടിയുറച്ചിരിക്കുന്ന ഞാൻ, ഞാൻ എന്ന അഹംഭാവത്തെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് . നമ്മളിൽ അന്തർലീനമായി കിടക്കുന്ന പാപചിന്തകളിൽ മേലുള്ള സദ്ചിന്തയാണ് ഈ മഹാവ്രതം. മാത്രമല്ല നമ്മളിലുള്ള താപത്രയങ്ങളെയെല്ലാം മാറ്റുന്നവനാണ് ശിവ ഭഗവാൻ.

മഹാദേവ പൂജയിൽ ഏറ്റവും പുണ്യം ലഭിക്കുന്ന ദിവസമാണ് ശിവരാത്രി. കൂവളത്തിലകൊണ്ട് ഹാരമണിയിക്കുന്നത് മഹാദേവന് ഏറെ പ്രിയമാണ് ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പൂജകൾ വഴിപാടുകൾ ഹോമങ്ങൾ എന്നിവയെല്ലാം ചെയ്യുന്നതിലൂടെ ആയിരമിരട്ടി ഫലം ലഭിക്കുന്നതാണ്.

Leave a Comment