വിമാന സർവീസ് തുടങ്ങിയ ആദ്യ മലയാളി ഇദ്ദേഹമാണ്..

Written by Taniniram Desk

Published on:

വ്യോമയാന വ്യവസായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങി ഫ്ലൈ 91(Fly 91) മാനേജിങ് ഡയറക്ടർ ആയ മനോജ് ചാക്കോ(Manoj Chacko) .മലയാളിയായ മനോജ് ചാക്കോയുടെ വിമാന കമ്പനി ഒരാഴ്ചയ്ക്കകം തന്നെ സർവീസ് ആരംഭിക്കാൻ തയാറെടുക്കുകയാണ് . ആദ്യ സെക്ഷനിൽ ചെറു വിമാനങ്ങൾ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മോപ്പയിലെ മനോഹർ (Manohar)രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ പ്രവർത്തനം.

വ്യോമയാന രംഗത്ത് വെന്നിക്കൊടി പാറിച്ച ആദ്യ മലയാളിയാണ് മനോജ് ചാക്കോ എന്ന് കരുതിയാൽ തെറ്റി. മനോജ് ചാക്കോയ്ക്ക് മുൻപ് തന്നെ വർക്കലയിൽ (Varkala)നിന്നുള്ള മലയാളിയായ തഖിയുദ്ദീന്‍ വാഹീദ് (Thakiyudeen Abdul Wahid)വിമാനകമ്പനി ആരംഭിച്ചിരുന്നു. ഈസ്റ് വെസ്റ്റ് എയർലൈൻസ് എന്നായിരുന്നു വിമാന കമ്പനിയുടെ പേര്. രാജ്യത്തെ ആദ്യത്തെ ഷെഡ്യുൾ ചെയ്ത സ്വകാര്യ എയർ ലൈൻ ആണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്(East West Airlines).

തഖിയുദ്ദീന്‍ വാഹിദിന്റെ ജീവിത കഥ

ആകാശത്ത് തന്റേതായ മേല്‍വിലാസമുണ്ടാക്കിയ മലയാളി, രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമയ്ക്ക് വിശേഷണങ്ങൾ ഏറെയാണ് . അദ്ദേഹത്തിന്റെ തുടക്കം ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് . മൂന്ന് മലയാളി സഹോദരങ്ങള്‍- തഖിയുദ്ദീന്‍ വാഹിദ്, ശിഹാബുദ്ദീന്‍, നാസര്‍- മലയാളികള്‍ക്ക് എളുപ്പത്തില്‍ യാത്രാ രേഖകള്‍ ശരിയാക്കി നല്‍കുന്ന ഒരു ട്രാവല്‍ ഏജന്‍സി ആരംഭിച്ചു, ദാദറില്‍. പേര് ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ്. ചെറിയ നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന ഏജന്‍സിക്ക് നല്ല കസ്റ്റമേഴ്‌സിനെ കിട്ടി. പ്രവര്‍ത്തനം ചെന്നൈ, ഡല്‍ഹി, കേരളം എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.

സ്വകാര്യ വിമാനകമ്പനികളുടെ ഉത്ഭവം

അക്കാലത്ത് രണ്ട് വിമാന എയര്‍ലൈന്‍സുകളേ രാജ്യത്തുണ്ടായിരുന്നുള്ളൂ. വിദേശയാത്രയ്ക്കായി എയര്‍ ഇന്ത്യയും ആഭ്യന്തര യാത്രയുടെ കുത്തക ഇന്ത്യന്‍ എയര്‍ലൈന്‍സിനും. അതിനിടെയാണ് 1991ല്‍ തുറന്ന ആകാശ നയവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതോടെ സ്വകാര്യ വിമാനക്കമ്പനികള്‍ ജന്മമെടുത്തു. എയർ ലൈൻസ് സര്‍വീസ് നടത്താന്‍ എയര്‍ ഓപറേറ്റര്‍ പെര്‍മിറ്റ് (എഒപി) ആവശ്യമുണ്ടായിരുന്നു. ഏവിയേഷന്‍ റെഗുലേറ്ററില്‍ നിന്നുള്ള ആദ്യ സ്വകാര്യ പെര്‍മിറ്റ് സ്വന്തമാക്കിയത് തഖിയുദ്ദീന്‍ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സാണ്. 1992ല്‍ ബോയിങ് 737-200 വിമാനം കമ്പനി പാട്ടത്തിനെടുത്തു. 1991 ഫെബ്രുവരി 28ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു കന്നിയാത്ര. വിമാനത്തിന്റെ പേര് 4എസ് 786. പുലര്‍ച്ചെ 5.20ന് പുറപ്പെട്ട വിമാനം രാവിലെ 7.10ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. ഉച്ചയ്ക്ക് ശേഷമായിരുന്നു മടക്കം. ഗള്‍ഫിലും മുംബൈയിലും ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് അനുഗ്രഹമായിരുന്നു ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്.

മദർ തെരേസയുടെ ഇഷ്ട എയർലൈൻസ്

കുറച്ചു കാലം കൊണ്ട് ഈസ്റ്റ് വെസ്റ്റ് ഇന്ത്യന്‍ ആകാശം കീഴടക്കി. നല്ല ഗുണമേന്മയുള്ള സര്‍വീസുകള്‍ തന്നെയായിരുന്നു എയര്‍ലൈന്‍സിന്റെ കൈമുതല്‍. ഗള്‍ഫില്‍ നിന്ന് മുംബൈയിലെ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഇപ്പോള്‍ ഛത്രപതി ശിവജി എയര്‍പോര്‍ട്ട്) എത്തുന്ന മലയാളികള്‍ എയര്‍പോര്‍ട്ട് ഷട്ടില്‍ ബസ് വഴി സാന്താ ക്രൂസ് വിമാനത്താവളത്തിലെത്തി കൊച്ചിയിലേക്ക് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് പിടിക്കുകയായിരുന്നു പതിവ്. ഏജന്റുമാരെയും മധ്യവര്‍ത്തികളെയും സമ്പൂര്‍ണമായി ഒഴിവാക്കിയായിരുന്നു എയര്‍ലൈന്‍സിന്റെ ബിസിനസ്. ചില യാത്രകളില്‍ തഖിയുദ്ദീന്‍ വിമാന യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. മദര്‍ തെരേസ (Mother Teresa)അടക്കമുള്ള ഇന്ത്യയ്ക്കാരുടെ ഇഷ്ട എയര്‍ലൈന്‍സ് കൂടിയായിരുന്നു ഇത്. ഇവര്‍ക്ക് യാത്ര സൗജന്യവുമായിരുന്നു. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, സിനിമാക്കാര്‍ എന്നിവരെല്ലാം തഖിയുദ്ദീന്റെ സ്ഥിരം ഉപഭോക്താക്കളായി.

രാജ്യത്തെ നടുക്കിയ കൊലപാതകം

1995 ഒക്ടോബര്‍ അഞ്ചിന് റെക്കോര്‍ഡ് ലാഭമാണ് ഈസ്റ്റ് വെസ്റ്റ് ഉണ്ടാക്കിയത്. തൊട്ടടുത്ത മാസം നവംബര്‍ 13ന് തഖിയുദ്ദീന്‍ വാഹിദ് വെടിയേറ്റ് കൊല്ലപ്പെട്ടു. അധോലോകത്തിന്റെ കുടിപ്പകയുടെ ഫലമാണ് തഖിയുദ്ദീന്റെ ജീവനെടുത്തത് . മുംബൈ ബാന്ദ്രയിലുള്ള കമ്പനി ഓഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തഖിയുദ്ദീന്‍ കൊല്ലപ്പെട്ടത്. വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തഖിയുദ്ദീന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അതു കാര്യമാക്കിയില്ല. എയര്‍ലൈന്‍ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചതു മുതല്‍ അദ്ദേഹത്തിന് ഭീഷണികള്‍ വന്നിരുന്നു.എന്നാൽ ഭീഷണികള്‍ക്ക് വില കല്‍പ്പിക്കാതിരുന്നതിന് നല്‍കേണ്ടി വന്നത് തഖിയുദ്ദീന്റെ ജീവനായിരുന്നു.

Leave a Comment