(Prime Minister Narendra Modi in Thiruvananthapuram)
രാവിലെ 10.30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ മന്ത്രി ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി വേണു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയിലെ മതില്‍ക്കെട്ടിന് പുറത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി വിമാനമിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ല. പിന്നാട് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചിത്രങ്ങള്‍ പുറത്ത് വിട്ടു.
വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം വിഎസ്എസ്‌സിയിലെത്തിയ പ്രധാനമന്ത്രിയെ ചെയര്‍മാന്‍ എസ്.സോമനാഥ് സ്വീകരിച്ചു. ഗഗയാന്‍ പ്രോജക്ടിനെക്കുറിച്ചും വിഎസ്എസ്‌സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ വിശദമായി വിവരിച്ചു. പ്രധാനമന്ത്രി എല്ലാം വിശദമായി നേരിട്ട് കണ്ട് മനസിലാക്കി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി.മുരളീധരനും പ്രധാനമന്ത്രിയെ അനുഗമിച്ചു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കാര്യങ്ങള്‍ സംസാരിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ മുഖത്ത് പോലും നോക്കിയില്ല. VSSC ചെയര്‍മാന്‍ എസ്.സോമനാഥ് ചുരുങ്ങിയ വാക്കുകളില്‍ സ്വാഗതപ്രസംഗം നടത്തി. പിന്നീട് സംസാരിച്ച കേന്ദ്രമന്ത്രി വി.മുരളീധന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ തുടക്കം മുതല്‍ക്കുതന്നെ സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുപോലെ ഒരു ചടങ്ങില്‍ നില്‍ക്കുമ്പോള്‍ ആറ് ദശാബ്ദം മുമ്പ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച ഡോക്ടര്‍ വിക്രം സാരാഭായിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അതേസമയം തന്നെ തുമ്പ എന്ന ഈ ചെറിയ ഗ്രാമത്തില്‍ അതിനായി സ്ഥലം ലഭ്യമാക്കിയ ഇവിടുത്തെ ജനങ്ങളെയും അവര്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ ബിഷപ് പെരേരയെ പോലുള്ള സഭാ നേതാക്കളെയും നന്ദിയോടെ സ്മരിക്കാതിരിക്കാനും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം കഴിഞ്ഞ് സീറ്റിലേക്കെത്തിയ മുഖ്യമന്ത്രിയെ കൈകൊടുത്ത് സീറ്റിലേക്ക് പ്രധാനമന്ത്രി ആനയിച്ചത് ശ്രദ്ധേയമായി.
പിന്നീട് സംസാരിച്ച പ്രധാനമന്ത്രി ഗഗയാന്‍ യാത്രികരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍,
അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരുടെ പേരുകള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് വരവേറ്റത്.
കേരളത്തില്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് ലഭിക്കും
തിരുവനന്തപുരം സെന്‍്ട്രല്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിലെത്തിയ പ്രധാനമന്ത്രിക്ക് ആവേശകരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങളില്‍ പ്രത്യേക ഉത്സാഹം കാണുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ‘തിരുവനന്തപുരത്ത് വരുന്നത് എപ്പോഴും സന്തോഷകരമാണ്. കേരളത്തിലെ ജനങ്ങള്‍ 2024-ല്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും. കേരളത്തിലെ ജനങ്ങളില്‍ പ്രത്യേക ഉത്സാഹം കാണുന്നു. രണ്ടക്ക സീറ്റ് നല്‍കി അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാനൂറിലധികം സീറ്റ് എന്നതാണ് 2024-ലെ ബിജെ പിമുദ്രാവാക്യം’, മോദി പറഞ്ഞു.
കേരളം ഇത്തവണ രാഷ്ട്ര നിര്‍മാണത്തിനായി ബിജെപിയെ തുണക്കും. പ്രതിപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ നെഗറ്റീവ് ചിന്താ പദ്ധതിക്ക് ഒപ്പം നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മോദിയുടെ ഗ്യാരന്റിയാണത്. ബിജെപി സംസ്ഥാനങ്ങളുമായി കേരളത്തെ വേര്‍തിരിച്ച് കണ്ടിട്ടില്ല. കേരളത്തിലെ വിവേക ശാലികളായ ജനങ്ങള്‍ക്ക് അതറിയാം. ഇന്ത്യയെ ലോകത്തെ വമ്പന്‍ സാമ്പത്തിക ശക്തിയായി വളര്‍ത്തും. അത് മോദിയുടെ ഗ്യാരന്റിയാണെന്നും മോദി പറഞ്ഞു. മൂന്നാം മോദി ഭരണമാണ് എല്ലായിടത്തും ചര്‍ച്ച. മൂന്നാം ഭരണത്തില്‍ ഇന്ത്യ സാമ്പത്തിക ശക്തിയാകും. അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.