തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം (Narendra Modi) ഉച്ചവിരുന്നിന് പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രനെതിരെ (N K Premachandran) കടുത്ത സൈബര്‍ ആക്രമണം. ഇന്നലെയായിരുന്നു യുഡിഎഫ് എംപി കൂടിയായ എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ 8 എംപിമാര്‍ പ്രധാനമന്ത്രിക്കൊപ്പം ഉച്ചവിരുന്നില്‍ പങ്കെടുത്തത്.
ഇതിനെതിരെ സിപിഎം എംപി എളമരം കരീം (Elamaram Kareem) രംഗത്ത് വന്നിരുന്നു. പ്രേമചന്ദ്രന്‍ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. സോഷ്യല്‍ മീഡിയയിലും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. മോദിക്കെതിരെ വാ തുറക്കാത്ത എംപി ബിജെപിയിലേക്കോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം.
എന്നാല്‍ തനിക്കെരിയുള്ള വിമര്‍ശനത്തിനെതിരെ മറുപടിയുമായി പ്രേമചന്ദ്രന്‍ രംഗത്ത് വന്നു. ”രാഷ്ട്രീയമില്ലാത്ത ഉച്ചയൂണിനാണ് ഞങ്ങള്‍ മോദിക്കൊപ്പം കൂടിയത്. ഞങ്ങളോ മോദിയോ രാഷ്ട്രീയം സംസാരിച്ചതേയില്ല” പ്രേമചന്ദ്രന്‍ പറഞ്ഞു.
“തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അങ്ങോട്ട് ചെല്ലണം എന്നാവശ്യപ്പെട്ട് ക്ഷണം ലഭിക്കുന്നത്. പിഎം കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ ‘വരൂ, നിങ്ങള്‍ക്കെല്ലാം ഒരു ശിക്ഷ നല്‍കാനുണ്ട്’ എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഞങ്ങളെ ക്ഷണിച്ചത്. നേരെ ലിഫ്റ്റില്‍ കയറി പോയത് പാര്‍ലമെന്റ് ക്യാന്റീനിലേക്കാണ്. മറ്റുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോഴാണ് ഞങ്ങളും ഭക്ഷണം കഴിച്ചത്. ഒരു രഹസ്യസ്വാഭാവവുമില്ലാത്ത, ഒരു മണിക്കൂറോളമുള്ള ഉച്ചഭക്ഷണവും സംസാരവുമാണ് അവിടെ നടന്നത്. പ്രധാനമന്ത്രിയാണ് ഈ വീഡിയോയും വാര്‍ത്തയും പുറത്തുവിട്ടത്.”
അതുകൂടാതെ ഈ വിരുന്നിന് ശേഷമാണ് മോദി സര്‍ക്കാരിന്റെ ധവളപത്രത്തെ ഞാന്‍ രൂക്ഷമായി വിമര്‍ശിച്ചത്. എനിക്കെതിരെയും വിമര്‍ശനങ്ങള്‍ വന്നു. അതുകൊണ്ട് തന്നെ സൗഹൃദവും രാഷ്ട്രീയവും രണ്ടാണ്, അത് കൂട്ടികുഴക്കേണ്ട കാര്യമില്ല.. പ്രേമചന്ദ്രന്‍ വ്യക്തമാക്കി