ലിംഗനീതി ഇനിയും അകലെയാണോ? വനിതാ ദിനത്തിൽ പ്രതികരണവുമായി പ്രമുഖർ

Written by Web Desk2

Published on:

സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി ആഘോഷിക്കുന്ന ഒരു ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനം (International Women’s Day). നാഷണല്‍ വുമണ്‍സ് ഡേ എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ വനിതാ ദിന പരിപാടി 1909 ഫെബ്രുവരി 28ന് ന്യൂയോര്‍ക്ക് സിറ്റിയിലാണ് നടന്നത്. പിന്നീട് 1917 ആയപ്പോഴേക്കും റഷ്യന്‍ വിപ്ലവത്തിനുശേഷം മാര്‍ച്ച് 8 നാണ് ലോകമെമ്പാടം വനിതാ ദിനമായി ആഘോഷിക്കപ്പെടുന്നത്.

സ്ത്രീത്വത്തിന്റെ ആഘോഷമായി അറിയപ്പെടുന്ന ഓരോ വനിത ദിനവും ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍ സ്ത്രീ സമൂഹം നേടിയ മുന്നേറ്റത്തിന്‍ ഓര്‍മ്മ ദിനം കൂടിയാണിത്. കേരളത്തിലെ പൊതുസമൂഹത്തിലുള്ള ചില വനിതകളുടെ വാക്കുകള്‍ നമുക്ക് പരിശോധിക്കാം.

ജ്യോതിരാജ് തെക്കൂട്ട്

ലിംഗനീതി ഇനിയും അകലെയാണോ?

“ഇന്ന് മാർച്ച് – 8 അന്താരാഷ്ട്ര വനിതാ ദിനം .ദേശം, വംശം ഭാഷ എന്നിങ്ങനെയുള്ള വിഭജനങ്ങൾ പരിഗണിക്കാതെ സ്ത്രീകൾ നേടിയെടുത്ത സാമൂഹിക സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ നേട്ടങ്ങളെ ആഘോഷമാക്കുന്ന, ആഹ്ളാദമാക്കുന്ന ഒരു ആഗോളദിനമാണ് വനിതാ ദിനം. ലിംഗസമത്വത്തിലേക്കുള്ള സ്ത്രീകളുടെ ധീരോദാത്തമായ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കാനും, സമസ്തവിഷയങ്ങളേയും നേരിടാൻ വേണ്ടതായ തുടർനടപടികൾ ആവശ്യപ്പെടാനുള്ള അവസരമാണിത്.

അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ നിന്നും പുറത്തുകടന്ന സ്ത്രീകൾ പടിപടിയായി നേടിയെടുത്ത നേട്ടങ്ങൾ സുവർണ്ണലിപികളിൽ കൊത്തിവെയ്ക്കപ്പെട്ടവ തന്നെയാണ് .അത് അംഗീകരിക്കുകയും പ്രാവർത്തികമാക്കേണ്ടതുമാണ്. തുല്യതയും വനിതാസംവരണവും വെറും വാക്കുകളിൽ മാത്രം ഒരുങ്ങി പോകുന്നു. അധികാരസ്ഥാനങ്ങളിലെ സ്ത്രീകളുടെ അദൃശ്യത വനിതാസംവരണത്തിൻ്റെ ഏറ്റവും വലിയ ന്യൂനതയാണ്. സ്ത്രീകൾ സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് അവൾ എല്ലായിത്തും പുറന്തള്ളപ്പെടുന്നു. ഒരിടത്തും അർഹമായ പരിഗണപോലും ലഭിക്കാതെ പോകുന്നു. രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക സ്ഥാപനങ്ങളുടെ തലപ്പത്ത് സ്ത്രീകൾ അത്യപൂർവ്വമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നത വേദികളിലും സ്ത്രീ സാന്നിധ്യം ശുഷ്കം. എല്ലായിടത്തും നേതൃത്വം പുരുഷൻ തന്നെ. എന്തിന് സ്വന്തം വീടുകളിൽ പല വിധത്തിൽ സ്ത്രീകൾ യാതനകൾ അനുഭവിക്കുന്നു.എവിടെ തിരിഞ്ഞാലും സ്ത്രീകളും, പെൺകുട്ടികളും പീഡിപ്പിയ്ക്കപ്പെടുന്ന ദൃശ്യങ്ങൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. സ്ത്രീകളുടെ പൗരാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിൻ്റെ വ്യക്തമായ സൂചനകളാണ് ഇതെല്ലാം. ഇതിനെതിരെ സ്ത്രീകൾ രംഗത്തുവരേണ്ടതുണ്ട്. സ്ത്രീകളുടെ അവകാശങ്ങളും ആവശ്യങ്ങളും ആഗോള തലത്തിൽ തന്നെ വലിയ ശ്രദ്ധ പതിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്.”

ഡോ. റോസി തമ്പി (എഴുത്തുകാരി)

ഡോ. റോസി തമ്പി (എഴുത്തുകാരി)

“മാർച്ച് 8 ലോക വനിതാ ദിനം. അരനൂറ്റാണ്ടിലേറെയായി നമ്മൾ ഇങ്ങനെ ഒരു ദിവസം സ്ത്രീയുടെ മഹത്വത്തെ ഓർമ്മിക്കാൻ തുടങ്ങിയിട്ട്. തീർച്ചയായും സ്ത്രീകൾ പൊതു സമൂഹത്തിൽ വളരെയധികം മുന്നോട്ടുവന്നിരിക്കുന്നു. പുരുഷനു തുല്യമായ എല്ലാ അവകാശങ്ങളും സ്ത്രീക്കും ബാധകമെന്ന് അവളും സമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ ശാക്തീകരണം പുരുഷനോടുള്ള മത്സരം എന്നതിനേക്കാൾ തന്നോടു തന്നെയുള്ള മത്സരമായി കാണാനാണ് എനിക്കിഷ്ടം. പൊതു ഇടത്തിൽ ഒരു പക്ഷേ അംഗീകരിക്കപ്പെടുമ്പോഴും വ്യക്തി ജീവിതം അന്തസ്സുള്ളതാക്കി തീർക്കാൻ ഇന്നും പല സ്ത്രീകളും പ്രയാസപ്പെടുന്നു. വീട്, മക്കൾ, ഉത്തരവാദിത്വങ്ങൾ ഇവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഭ്യസതവിദ്യരും ധനസമ്പാദകരും സമൂഹത്തിൽ മാന്യമായ സ്ഥാനം വഹിക്കുന്ന സ്ത്രീകൾക്കുപോലും സാധ്യമാകുന്നില്ല. അവരിപ്പോഴും ജോലി സ്ഥലത്തേക്കും ഉല്ലാസവേളകളിലേക്കും വീടും ചുമന്ന് നടക്കുകയാണ്.ഈ ഞാൻ അടക്കം അതിൽ നിന്നു പുറത്തല്ല. വീട്ടീൽ എല്ലാം ഞാൻ ചെയ്താലേ ശരിയാകു എന്ന ഒരു അഹംബോധമാണ് ഇന്ന് സ്ത്രീയുടെ ദുരിതത്തിനു കാരണം.അത് പല്ലി ഉത്തരം ചുമക്കും പോലെയൊന്നും എല്ലാം ചുമന്നു നടക്കുന്ന സ്ത്രീ ഒരു ദിവസം പെട്ടന്ന് ഇല്ലാതായാലും ആ കുടുംബത്തിന് ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവുകൂടി സ്ത്രീ ആർജ്ജിക്കുമ്പോഴാണ്. അവൾ ശരിക്കും സ്വാതന്ത്ര്യത്തിൻ്റെ രുചിയറിയുക. ജീവിതം എല്ലാവർക്കും ഉള്ളതെന്ന് വിശ്വസിച്ച് അത് ആസ്വദിക്കാൻ കൂടി തുടങ്ങുക.
അതെ സ്വയം സ്നേഹിക്കുക എന്നിട്ട് അതു പോലെ മറ്റുള്ളവരെയും സ്നേഹിക്കുക. അല്ലാതെ വീടു മുഴുവൻ തലയിലേറ്റി നടക്കാതെ മറ്റുള്ളവർക്കു കൂടി അവരുടെ ഉത്തരവാദിത്വങ്ങൾ വിട്ടുകൊടുക്കുക. വീട്ടിൽ എല്ലാവർക്കം തുല്യ ഉത്തരവാദിത്വമാണ് എന്ന് പഠിപ്പിക്കാനുള്ളതാകട്ടെ ഈ വനിതാ ദിനം.”

See also  24 ന്യൂസ് ചാനല്‍ സംപ്രേക്ഷണം തടസ്സപ്പെട്ടു; പിന്നില്‍ അട്ടിമറി ?

വി.എസ് ബിന്ദു (എഴുത്തുകാരി)

വി.എസ് ബിന്ദു (എഴുത്തുകാരി)

“സ്ത്രീകൾക്കായി ഒരു ദിനമെന്നത് പോരാട്ട ചരിത്രത്തിൻ്റെ തുടർച്ചയാണ്. സർഗാത്മകമായ ജീവിതത്തിൻ്റെ സംവാദവഴി കൂടിയാണത്. ലിംഗ നീതിയ്ക്കായുള്ള പോരാട്ടം സാമൂഹിക നീതി ഉറപ്പാക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന തുല്യത അവകാശമാണ്. ഔദാര്യമല്ല . അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ അപഹസിക്കപ്പെട്ടേണ്ടതല്ല’ സ്ത്രീ പ്രമേയമായുള്ള കലാസൃഷ്ടികളിലൊക്കെ കാണുന്ന സ്ത്രീ വിരുദ്ധത പാടേ തള്ളിക്കളയേണ്ടതാണ്. അജ്ഞതയാലോ വൈമുഖ്യത്താലോ സ്ത്രീകൾ തങ്ങൾക്കനുകൂലമായ നിയമങ്ങളെ ഉപയോഗപ്പെടുത്താതിരിക്കരുത്. പിന്തുണ എന്നതിനർഥം അധികാരപ്രയോഗം എന്നല്ല . തൊഴിൽ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്ത്രീയനുകൂല നയങ്ങൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. യു.എൻ നൽകുന്ന വാർഷിക മുദ്രാവാക്യത്തിൻ്റെ ശരിയായ അർഥം സ്ത്രീകളെ അതിൻ്റെ നടത്തിപ്പുകാരാക്കുക എന്നതാണ്. ശാസ്ത്രാവബോധമുള്ള സ്ത്രീകൾക്കു മാത്രമേ അടിമത്തത്തിൽ നിന്നു മോചിതരാകാനാകൂ. ഭാഷ പോലും ലിംഗ മേൽക്കോയ്മ പുലർത്തുന്നതിനാൽ സ്ത്രീഭാഷയും നാം നിർമിക്കണം. ഭാവിയിലെ പദ്മദളവാസിനികളല്ല നാമാരും. ഫാഷിസത്തിനെതിരെ പൊരുതുന്ന ധൈഷണിക സമൂഹമാണ്. ധീരവും സമ്പന്നവുമാണ് നമ്മുടെ അനുഭവങ്ങൾ നമുക്ക് വൈവിധ്യങ്ങളിൽ പുലർന്ന് ഒന്നായി വിമോചനഗാഥകൾ രചിക്കാം. ചിറകുകളിലല്ല മനസ്സുകളിലാണ് നമ്മുടെ പറക്കലിൻ്റെ ആയം. നമുക്ക് പുതുചരിത്രം രചിക്കാം. “

അഡ്വ.പി.എം ആതിര (സാമൂഹ്യ പ്രവർത്തക)

അഡ്വ.പി.എം ആതിര (സാമൂഹ്യ പ്രവർത്തക)

“സ്ത്രീകളുടെ ജീവിതം പോയ കാലത്തു നിന്നും ഒരു പാട് മുന്നോട്ട് മുന്നോട്ട് പോയെങ്കിലും ആധുനിക കാലം ഉയർത്തുന്ന ഒട്ടേറെ വെല്ലുവിളികളും ഉണ്ട്. ഭരണ ഘടനാ മുല്യങ്ങൾ തകർക്കാൻ ശ്രമിക്കുമ്പോൾ പരിക്കേൽക്കുന്നത് തുല്യത എന്ന ആശയത്തിന് കൂടിയാണ്.
നിയമത്തിൻ്റെ മുന്നിലെ തുല്യത ജീവിതത്തിൻ്റെ എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിക്കാൻ നടത്തുന്ന എല്ലാ ഇടപെടലുകളെയും ഇത് ദുർബലപ്പെടുത്തും. സ്ത്രീയെ ഉപഭോഗവസ്തുവായി ചുരുക്കുന്ന മൂലധന താത്പര്യങ്ങളെയും പാട്രിയാർക്കിയുടെ സ്ത്രീ വിരുദ്ധ ആശയങ്ങളെയും സൂക്ഷ്മാർത്ഥത്തിലുൾപ്പെടെ ചെറുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ വനിതാ ദിനം നമ്മിൽ അർപ്പിക്കുന്നത്.”

സുകന്യ എൻ ജോ. സെക്രട്ടറി (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേന്ദ്ര കമ്മിറ്റി)

സുകന്യ എൻ ജോ. സെക്രട്ടറി (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേന്ദ്ര കമ്മിറ്റി)

“സ്ത്രീ-പുരുഷ തുല്യത ഇനിയും ഏറെ അകലെയായ ഇന്നത്തെ ലോകത്ത് തുല്യതയ്ക്കായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വനിതാ ദിനവും മുന്നോട്ടു വയ്ക്കുന്നത് . നാരീശക്തിയെക്കുറിച്ചുള്ള വാഗ്ധോരണികൾ ഒരു ഭാഗത്ത് മുഴങ്ങുന്ന ഇന്ത്യ യഥാർഥത്തിൽ ഗ്ലോബൽജൻഡർ ഗ്യാപ് ഇൻഡക്സിൽ ഏറെ പുറകിലാണ്. തൊഴിൽ, ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്ലെല്ലാം വിവേചനം ശക്തമാണ് നമ്മുടെ രാജ്യത്ത് . സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്നു .രാജ്യത്തിൻ്റെ അഭിമാനമായ വനിതാ ഗുസ്തി താരങ്ങൾ നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന കാഴ്ച്ച നാം കണ്ടു. എന്നു നടപ്പാവുമെന്നു പറയാൻ പോലുമാവാത്ത വനിതാ സംവരണ നിയമത്തിൻ്റെ മറവിൽ ഇന്ത്യൻ സ്ത്രീയെ കബളിപ്പിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. പുരുഷാധിപത്യമൂല്യങ്ങൾ കൂടുതൽ പിടി മുറുക്കുന്ന ഇന്ത്യൻ സമൂഹത്തിൽ നാം പൊരുതി നേടിയ അവകാശങ്ങൾ പോലും അപകടത്തിലാണ്. അതുകൊണ്ട്‌ സ്ത്രീയുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഈ വനിതാ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.”

See also  ലാല്‍സലാമില്‍ രജനിയുടെ പ്രതിഫലം കേട്ട് ഞെട്ടരുത് ..ഒരു മിനിട്ടിന് ഒരു കോടി?

ഡോ. ഡി. ഷീല (വനിതാസാഹിതി സംസ്ഥാന ട്രെഷറർ)

വനിതാ ദിനം 2024 സ്ത്രീശാക്തീകരണം അതിന്റെ പല തലങ്ങളിലൂടെ കടന്നു പോയിട്ട് കൊല്ലങ്ങൾ ഏറെയായി. ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ഉയർച്ചയും വളർച്ചയുമാണ് ലോകത്തിന്റെ പുരോഗതിയെ നിശ്ചയിക്കുന്നത് എന്ന വസ്തുതയാണ് ഇത്തരം സമീപനം സ്വീകരിയ്ക്കാൻ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കു ന്നത്.1857ലെ സ്ത്രീകൾ തുടങ്ങി വെച്ച പോരാട്ടവഴികൾ ഇന്നും തുടരുന്നു എന്നത് നഗ്നസത്യ മാണ്.അതുകൊണ്ടാണല്ലോ 2024ൽ നമുക്ക് “സ്ത്രീകളിൽ നിക്ഷേപിക്കൂ. പുരോഗതി ഉറപ്പാക്കൂ “എന്ന മുദ്രാവാക്യം ഉയർത്തേണ്ടിവരുന്നത്.പോരാട്ടങ്ങൾ അവസാനിയ്ക്കുന്ന സമത്വം സ്വപ്നം കാണുന്ന ഒരുലോകത്തിനു വേണ്ടി നമുക്ക് ക്രിയത്‌മകമായി ഒത്തൊരുമിച്ചു മുന്നോട്ടു നിങ്ങാം. വനിതദിനാശംസകൾ

Leave a Comment