കെപ്‌കോയിലെ സ്വന്തക്കാരുടെ നിയമനം പുറത്തു കൊണ്ട് വന്ന് തനിനിറം(TANINIRAM IMPACT)

Written by Taniniram Desk

Published on:

ഭരണ കക്ഷികൾക്കു പോലും രക്ഷയില്ല. കച്ചവട – നിയമന മാഫിയയുടെ നിയന്ത്രണത്തിലാണ് കെപ്കോ

ഈ കഴിഞ്ഞ ദിവസമാണ് കെപ്‌കോയിൽ നടന്ന പിൻവാതിൽ നിയമനത്തെ കുറിച്ചുള്ള വാർത്ത തനിനിറം പുറത്തു വിട്ടത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുന്പാണ് കരാർ കാലാവധി കഴിഞ്ഞു പോയ രണ്ടു പേരെ കെപ്‌കോ (KEPCO)ഡയറക്ടർ ബോർഡ് യോഗം ചേർന്ന് വീണ്ടും തിരിച്ചെടുത്തത് . തനിനിറം പുറത്തു വിട്ട വാർത്തയെ തുടർന്ന്, ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് 5 .30 വരെ കെപ്‌കോ (KEPCO)എം.ഡി. സെൽവകുമാറിനെ സിഐടിയു(CITU)ക്കാർ ഉപരോധിച്ചു. ഇന്നും കെപ്‌കോ (KEPCO)ആസ്ഥാനം ഉപരോധിച്ചു പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന് CITU പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ:

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം ലഭിക്കുന്നവരെ കരാർ കാലാവധി കഴിയുന്നതോടുകൂടി പിരിച്ചു വിടാറാണ് പതിവ് .എന്നാൽ ഇവിടെ മറിച്ചാണ് സംഭവിക്കുന്നത്. മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ട് AITUC ൽ അംഗത്വമുള്ളവരെ കരാർ കാലാവധി കഴിഞ്ഞാലും തുടർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമാണ് കെപ്‌കോ ഒരുക്കുന്നത്. താൽക്കാലിക നിയമനം നടത്തുന്ന ഇലക്ട്രിക്കൽ സെക്ഷൻ ,സൂപ്പർവൈസർ ,ഹാച്ചറി സൂപ്പർവൈസർ ,സെക്യൂരിറ്റി തുടങ്ങിയവയിലേക്ക് നിരവധി പേരാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾക്കായി കാത്തുനിൽക്കുന്നത് .എന്നാൽ പിൻവാതിൽ നിയമനത്തിലൂടെ സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിക്കുന്നതിലൂടെ കാത്തു നിൽക്കുന്നവരുടെ പ്രതീക്ഷയാണ് അവതാളത്തിലാകുന്നത്.

കെപ്‌കോ(KEPCO) യുടെ വാർഷിക ഓഡിറ്റിനായി പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയെയാണ് ചുമതല പെടുത്തിയിട്ടുള്ളത്. എന്നാൽ ആ കമ്പനിയുടെ ഓഡിറ്ററിനെ അനധികൃതമായി കെപ്‌കോ യുടെ അക്കൗണ്ടന്റ് ആയി നിയമിക്കുകയും, താൽകാലിക ജീവനക്കാരൻ എന്ന നിലയിൽ 25000 രൂപ പ്രതിമാസ ശമ്പളമായി നൽകുന്ന വിവരവും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ഇയാൾ നേരത്തെ ജോലിചെയ്ത കമ്പനിക്ക് വേണ്ടിയുള്ള ഓഡിറ്റിങ് ഇവിടെ നടത്തിവരുന്നതായി പറയപ്പെടുന്നു. കെപ്‌കോ യുടെ ഉടമസ്ഥതയിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഫാം,ഹാച്ചറി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉണ്ട്. ഈ സ്ഥാപനങ്ങളിൽ എല്ലാം തന്നെ താൽക്കാലികമായാണ് നിയമനങ്ങൾ നടത്തുന്നത്.കേരളത്തിൽ കെപ്‌കോ (KEPCO)യുടെ ഉടമസ്ഥയിൽ ഒരു റെസ്റ്റോറന്റും പ്രവർത്തിച്ചു വരുന്നുണ്ട്.

ഈ റസ്റ്റോറന്റിലേക്ക് കാറ്ററിംഗ് ഇന്സ്ടിട്യൂട്ടിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്നും താൽക്കാലികമായി ട്രെയിനീസിനെ സ്റ്റൈഫന്റ് അടിസ്ഥാനത്തിൽ നിയമികാറുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രെയിനീ ആയി വന്ന രണ്ടു പേരെയാണ് വീണ്ടും ജോലിക്കു എടുത്തിരിക്കുന്നത്. ഇവർ രണ്ടു പേരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയും കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിഞ്ഞു പോകുകയും ചെയ്ത വ്യക്തികളാണ്. എന്നാൽ ഇലക്ഷൻ കമ്മീഷന്റെ വിജ്ഞാപനം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കെപ്‌കോ ഡയറക്ടർ ബോർഡ് അടിയന്തര യോഗം ചേരുകയും കാലാവധി കഴിഞ്ഞ് പിരിഞ്ഞു പോയ രണ്ടു പേരെ തിരിച്ചെടുക്കുകയും ചെയ്തിരിക്കുന്നത് .

See also  അയോദ്ധ്യസമർപ്പണ ഓണവില്ലിനെ ചൊല്ലി വിവാദം

കെപ്‌കോയുമായി ബന്ധപ്പെട്ട ഒരു ഉന്നതന്റെ നേതൃത്വത്തിലുള്ള ഹോട്ടൽ മാനേജ്‌മന്റ് സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ് ആ രണ്ടു പേരെന്ന് പറയപ്പെടുന്നു. ഈ ഉന്നതന്റെ ഇടപെടലിനെ തുടർന്നാണ് ഇലക്ഷൻ കമ്മീഷന്റെ വിജ്ഞാപന൦ പുറപ്പെടുവിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇവരെ തിരിച്ചെടുത്തത്. ഒരു ജോലിക്കായി നിരവധി ഉദ്യോഗാർത്ഥികൾ തന്റെ ഊഴത്തിനായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഇഷ്ടക്കാർക്കും സ്വന്തക്കാർക്കുമെല്ലാം പിൻവാതിലിലൂടെ നിയമനം പലരും ഉറപ്പാക്കുന്നത്.

ഭരണ കക്ഷികൾക്കു പോലും രക്ഷയില്ല. കച്ചവട – നിയമന മാഫിയയുടെ നിയന്ത്രണത്തിലാണ് കെപ്കോ എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോഴി ഫാം മാഫിയകളുടെ പ്രതിനിധികൾ വരെ കെപ്കോയിൽ ഉണ്ട്.

ഇത് സംബന്ധിച്ച കൂടുതൽ വാർത്തകൾ വരും ദിവസങ്ങളിൽ തനിനിറം പുറത്തു വിടുന്നതാണ് .

Related News

Related News

Leave a Comment