Nagpur : രഞ്ജി ട്രോഫി(Ranji Trophy) കിരീടം നേടി വിദര്‍ഭ(Vidharbha). കേരളത്തിനെതിരായ ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം ചൂടിയത് . ഇവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി ട്രോഫി കിരീടത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും . രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം ഇന്നിംഗ്‌സിലെ സ്‌കോര്‍ കൂടിയായപ്പോള്‍ 412 റണ്‍സ് ലീഡായി അവര്‍ക്ക്. ദര്‍ശന്‍ നാല്‍കണ്ഡെ (51), യാഷ് താക്കൂര്‍ (8) പുറത്താവാതെ നിന്നു. മത്സരത്തിന് ഫലമുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
അഞ്ചാം ദിനം കരുണ്‍ നായരുടെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് കരുണിന് ചേര്‍ക്കാനായത്. ആദിത്യ സര്‍വാതെയുടെ പന്തില്‍ ക്രീസ് വിട്ട് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്. കരുണ്‍ ഈ ആഭ്യന്തര സീസണില്‍ നേടുന്ന ഒമ്പതാം സെഞ്ചുറിയാണിത്. പിന്നാലെ അര്‍ഷ് ദുബെ (4), അക്ഷയ് വഡ്കര്‍ (25) എന്നിവരെ കൂടി മടക്കി കേരളം വേഗത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. എന്നാല്‍ അക്ഷയ് കര്‍നെവാര്‍ (30) – ദര്‍ശന്‍ നാല്‍കണ്ഡെ (51*) സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പ് അവരുടെ ലീഡ് 350 കടത്തി. 48 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.