മസ്കറ്റ് (Muscut ) : നമീബിയ (Nameebia ) ക്കെതിരായ ട്വൻറി 20 (Twenty 20) പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒമാന് തോൽവി. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 18.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.
സെയ്ൻ ഗ്രീൻ (26), ഡേവിഡ് വീസ് (23*), ജീൻ പിയറി കോട്സെ (16) എന്നിവരുടെ ബാറ്റിങ്ങ് മികവാണ് നമീബിയെ വിജയത്തിലെത്തിച്ചത്. ഒമാൻ നിരയിൽ കശ്യപ് പ്രജാപതി (33), ആഖിബ് ഇല്യാസ്(19), പ്രതീക് അത്താവാലെ (15) എന്നിവരൊഴിക്കെ മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിയാത്തതാണ് തിരിച്ചടിയായത്. നമീബിയൻ ബൗളർമാരായ ടാംഗേനി ലുംഗമേനി (മൂന്ന്), റൂബൻ ട്രംപൽമാൻ (രണ്ട്) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഒമാനെ കുറഞ്ഞ സ്കോറിന് പുറത്താക്കാൻ സഹായിച്ചത്. സുൽത്താനേറ്റിനുവേണ്ടി ഫയാസ്ഖാൻ മൂന്നും മെഹ്റാൻ രണ്ടും വീതം വിക്കറ്റെടുത്തു. ടാംഗേനി ലുംഗമേനിയാണ് കളിയിലെ താരം.
ടോസ് നേടിയ നമീബിയ ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജൂണിൽ അമേരിക്കയിലും വെസ്റ്റീൻഡീസിലുമായി നടക്കുന്ന ലോകകപ്പ് ട്വന്റി 20 മത്സരത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇരു ടീമുകളും പരമ്പരയെ കാണുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാണത്തെ മത്സരം ചൊവ്വാഴ്ച നടക്കും. ഉച്ചക്ക് 2.30നാണ് കളി.