ഇരിങ്ങാലക്കുട: തമിഴ്‌നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും സ്വർണം നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സഹോദരങ്ങൾ.
ഒന്നാം വർഷ എംകോം വിദ്യാർത്ഥിനിയായ മീര ഷിബു, മൂന്നാം വർഷ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിയായ വി എസ് സെബാസ്റ്റ്യൻ എന്നിവരാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. വനിതാ വിഭാഗം മത്സരത്തിൽ 13 മീറ്ററിന് മുകളിൽ ചാടിയാണ് മീര സ്വർണം നേടിയത്. 16.19 മീറ്റർ ചാടിയാണ് സെബാസ്റ്റ്യൻ സ്വർണം നേടിയത്. മീറ്റിന്റെ മികച്ച പുരുഷതാരമായി സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പട്ടത് ഇരട്ട നേട്ടമായി.
ഇരുവരും ദ്രോണാചാര്യ ജേതാവായ പരിശീലകൻ ടി പി ഔസേഫിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. രണ്ടു പേരുടെയും ഈ ചരിത്ര നേട്ടം കോളജിന്റെ കായിക പാരമ്പര്യത്തിന്റെ പൊൻതൂവലാണെന്ന് പരിശീലകരും അധ്യാപകരും കോളേജ് അധികൃതരും അഭിപ്രായപ്പെട്ടു. ഇരുവരും തൃശ്ശൂർ വെള്ളാനി വടക്കേത്തല വീട്ടിൽ ഷിബു ആന്റണി, സരിത ഷിബു ദമ്പതികളുടെ മക്കളാണ്. മക്കളുടെ ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നു മാതാപിതാക്കൾ അറിയിച്ചു.