ഭരണസമിതി പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് സഞ്ജയ് സിങ്

Written by Taniniram Desk

Updated on:

ന്യൂഡല്‍ഹി : വലിയ വിവാദങ്ങള്‍ക്കൊടുവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കായിക മന്ത്രാലയം പിരിച്ചു വിട്ടിരുന്നു. അതിനു പകരം ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി താത്കാലിക ഭരണസമിതിയെയും നിയമിച്ചിരുന്നു.

ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങാണ് പുതിയ പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെട്ടത്. അതുകൊണ്ട് തന്നെ സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ തങ്ങളുടെ പ്രതിഷേധവുമായി രംഗത്ത് വന്നു. പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണസമിതിയെ പിരിച്ചുവിട്ടത്.

എന്നാല്‍ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്ങിന്റെ നിലപാട്.

‘ഞങ്ങള്‍ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന വിശദീകരണം മന്ത്രാലയത്തിന് അയച്ചിരുന്നു. മറുപടിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. അവര്‍ക്ക് ഞങ്ങളുമായി ആശയവിനിമയം നടത്താന്‍ താല്പര്യമില്ലെങ്കില്‍, ഞങ്ങള്‍ക്കും താല്‍പ്പര്യമില്ല. ഫെഡറേഷന്‍ ഈ സസ്‌പെന്‍ഷന്‍ അംഗീകരിക്കുന്നില്ല..’ സഞ്ജയ് സിങ് പറയുന്നു.

‘ഞങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. റിട്ടേണിങ് ഓഫീസര്‍ പേപ്പറുകളില്‍ ഒപ്പിട്ടിരുന്നു. അവര്‍ക്ക് എങ്ങനെ അത് നിഷേധിക്കാനാകും.” അദ്ദേഹം ചോദിച്ചു.

താത്കാലിക ഭരണസമിതിയുമായി സഹകരിക്കില്ലെന്നും ദേശീയ ഗുസ്തി മത്സരങ്ങളുമായി മുന്നോട്ട് പോകുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.

Leave a Comment