കാമുകിയെ കൊലപ്പെടുത്തിയ കേസ്; 9 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഓസ്‌കാര്‍ പിസ്റ്റോറിയസിന് പരോള്‍

Written by Taniniram Desk

Published on:

ജോഹന്നാസ് ബര്‍ഗ് : ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പാരാലിംമ്പിക് താരം ഓസ്‌കാര്‍ പിസ്റ്റോറിയസിനെ ആരും മറക്കാന്‍ ഇടയില്ല. ലോകത്തിലെ കായിക പ്രേമികള്‍ക്ക് പ്രചോദനമായ താരം കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലായിരുന്നു. എന്നാലിപ്പോള്‍ താരത്തിന് പരോള്‍ ലഭിച്ചതായി ദക്ഷിണാഫ്രിക്കയിലെ കറക്ഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചിരിക്കുകയാണ്. പിസ്റ്റോറിയസ് ഇപ്പോള്‍ വീട്ടിലാണെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ശന നിര്‍ദേശങ്ങളോടെയാണ് താരത്തിന് പരോള്‍ അനുവദിച്ചിരിക്കുന്നതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല. ഒമ്പത് വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇപ്പോള്‍ പിസ്റ്റോറിയസിന് പരോള്‍ അനുവദിച്ചിരിക്കുന്നത്.

2013-ലെ വാലന്റൈന്‍സ് ദിനത്തിലാണ് കാമുകിയായ റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്. താരം കാമുകിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേഷ്യവും അസൂയയുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് എതിര്‍ത്ത പിസ്റ്റോറിയസ് വീട്ടില്‍ ഒരു അക്രമി ഒളിച്ചിരിക്കുകയാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തെതെന്ന് കോടതിയില്‍ പറഞ്ഞു. റീവയെ കൊല്ലുകയായിരുന്നില്ല ലക്ഷ്യമെന്നും അക്രമിയില്‍ നിന്നും റീവയെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും പിസ്റ്റോറിയസ് വാദിച്ചു.

തുടര്‍ന്ന് റീവയെ കൊല്ലാന്‍ പിസ്റ്റോറിയസ് ആഗ്രഹിച്ചിരുന്നു എന്നതിന് വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുറ്റകരമായ നരഹത്യ എന്ന കുറ്റത്തിന് പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. 2016 ലാണ് 13 വര്‍ഷവും അഞ്ച് മാസവും താരത്തിന് കോടതി ശിക്ഷ വിധിച്ചത്.

ദക്ഷിണാഫ്രിക്കയിലെ കുറ്റവാളികള്‍ക്ക് അവരുടെ ശിക്ഷയുടെ പകുതി കാലാവധി കഴിഞ്ഞാല്‍ പരോള്‍ പരിഗണനയ്ക്ക് അര്‍ഹതയുണ്ട്. ഒന്‍പത് വര്‍ഷക്കാലം താരം ശിക്ഷയും അനുഭവിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പിസ്റ്റോറിയസിന് പരോള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതകത്തില്‍ താരത്തിന് കുറ്റബോധം തെല്ലും ഇല്ലെന്നും അതുകൊണ്ട് പരോള്‍ അനുവദിക്കരുതെന്നും റീവയുടെ മാതാപിതാക്കള്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. നവംബറില്‍ പരോളിന് അനുമതി ലഭിച്ചെങ്കിലും ജനുവരിയിലാണ് താരത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. പിസ്റ്റോറിയസിന്റെ വിചാരണ നടപടികള്‍ അക്കാലത്ത് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Leave a Comment