നെയ്മറിന്റെ പരിക്ക്; കോപ്പ അമേരിക്ക നഷ്ടമാകും

Written by Taniniram Desk

Published on:

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം ബ്രസീല്‍ ടീം നോട്ടമിട്ടിരുന്ന കിരീടമായിരുന്നു കോപ്പ അമേരിക്ക കിരീടം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന് ഇപ്പോഴേ വാശിയോടെ തയ്യാറെടുക്കുകയായിരുന്നു ബ്രസീല്‍ ടീം..

എന്നാല്‍ ബ്രസീലിന് തിരിച്ചടിയായിരിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പരുക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോപ്പഅമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഈ വിലയിരുത്തലില്‍ എത്തിയത്.

ഒക്ടോബറില്‍ യുറഗ്വായ്‌ക്കെതിരായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് പരിക്കേറ്റത്. ഇടതു കാല്‍മുട്ടിനാണ് പരിക്ക്. അന്ന് നെയ്മര്‍ സ്‌ട്രെച്ചറിലാണ് മൈതാനം വിട്ടത്. അടുത്ത വര്‍ഷം ആഗസ്റ്റോടെ തിരിച്ച് കളിക്കളത്തിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നെയ്മറുടെ പരിക്ക് ബ്രസീലിയന്‍ ടീമിനൊരു തിരിച്ചടി തന്നെയാണ്.

ലോകകപ്പിന് ശേഷം യോഗ്യത മത്സരങ്ങളില്‍ തപ്പി തടയുകയാണ് ബ്രസീല്‍ ടീം. സ്ഥിരമായൊരു കോച്ച് പോലുമില്ലാതെയാണ് അവര്‍ യോഗ്യത മത്സരത്തിനിറങ്ങുന്നത്. അതിനിടയിലാണ് നെയ്മറിന് കളിക്കാന്‍ സാധിക്കില്ലെന്ന വാര്‍ത്തയും എത്തിയത്. അടുത്തവര്‍ഷം ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ചാംമ്പ്യന്‍ഷിപ്പ്. യുഎസിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

Leave a Comment