ന്യൂഡല്‍ഹി : ദേശീയ ഗുസ്തി ഫെറേഷന്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേശിയ കായിക മന്ത്രാലയമായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. വലിയ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര നടപടി.
എന്നാലിപ്പോള്‍ പുതിയ ഭരണ സമിതി അധ്യക്ഷന്‍ സഞ്ജയ് സിങ് പ്രധാനമന്ത്രിയെയും കായിക മന്ത്രിയെയും കാണുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഉടന്‍ കോടതിയെ സമീപിക്കില്ലെന്നും വിലക്ക് നീങ്ങിയില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാനുമാണ് പുതിയ ഭരണ സമിതിയുടെ തീരുമാനം.
സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈ മാസം 21 ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ലൈംഗികാതിക്രമക്കേസിലെ പ്രതിയും മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനാണ് സഞ്ജയ് സിങ് എന്ന് ആരോപിച്ച് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രമുഖ താരം സാക്ഷി മാലിക് വരെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. അഡ്‌ഹോക് കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്നും കായിക മന്ത്രാലയം അറിയിച്ചു.
പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് പുതിയ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്തതെങ്കിലും കേന്ദ്രം പറയുന്നതത് ചട്ടലംഘനങ്ങളാണ് നടപടിയ്ക്ക് കാരണമെന്നാണ്. ദേശീയ അണ്ടര്‍ 15, അണ്ടര്‍ 20 ഗുസ്തി ചാമ്പ്യന്‍ഷിപ്പുകള്‍ തിരക്കിട്ട് നടത്താന്‍ തീരുമാനിച്ചെന്നും കളിക്കാര്‍ക്ക് മതിയായ സമയം അനുവദിച്ചില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സസ്‌പെന്‍ഡ് ചെയ്ത് പുതിയ സമിതിയില്‍ 15 അംഗങ്ങളില്‍ 13 പേരും ബ്രിജ്ഭൂഷണിന്റെ അനുയായികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍..