ലാലിഗയില്‍ വീണ്ടും റയല്‍ ഒന്നാമത്. ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഈ സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ജിറോണയായിരുന്നു മുമ്പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.
എന്നാല്‍ ജിറോണ റയല്‍ ബെറ്റിസുമായി സമനില്‍ പിരഞ്ഞതോടെ റയല്‍ മുന്നിലേക്ക് കയറുകയായിരുന്നു. ഇരുവര്‍ക്കും തുല്യ പോയിന്റാണ് ഉള്ളതെങ്കിലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ റയല്‍ ഒന്നാമെത്തുകയായിരുന്നു.
ഇഞ്ചുറി സമയത്ത് നേടിയ ഗോളിലാണ് റയല്‍ ഡിപോര്‍ട്ടീവോ അലാവസിനെതിരെ ജയിച്ചു കയറിയത്. റയലിന്റെ പ്രിതരോധ താരം ലൂക്കാസ് വാസ്‌ക്വാസാണ് വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 54-ാം മിനിറ്റില്‍ നാച്ചോ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായാണ് റയല്‍ പിന്നീട് കളിച്ചത്. എന്നിട്ടും ഡിപോര്‍ട്ടീവോയ്ക്ക് ഗോളുകളൊന്നും നേടാനായില്ല.
അതേസമയം ജിറോണയെ സമനിലയില്‍ തളച്ചത് റയല്‍ ബെറ്റിസായിരുന്നു. പെനാല്‍റ്റിയിലൂടെ ആദ്യം മുന്നിലെത്തിയത് ജിറോണയായിരുന്നു. എന്നാല്‍ 88-ാം മിനിറ്റില്‍ ബെറ്റിസ് മറുപടി ഗോള്‍ നേടി. പിന്നീടും വിജയ ഗോളിനായി അവസാനം വരെ ജിറോണ പോരാടിയെങ്കിലും ഫലം കണ്ടില്ല. റയലിനും ജിറോണക്കും 45 പോയിന്റാണുള്ളത്. 38 പോയിന്റുമായി ബാഴ്‌സലോണയാണ് മൂന്നാമത്.