മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടി (England) നെ തോൽപ്പിച്ച് 434 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ (India). 557 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറിൽ 122 റൺസെടുത്തു പുറത്താവുകയായിരുന്നു.
ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. 15 പന്തുകളിൽനിന്ന് 33 റൺസെടുത്ത മാർക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിന്റെ ഡബിൾ സെഞ്ചറി പ്രകടനം ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചു.
ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് (15), വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് (16), ടോം ഹാർട്ട്‌ലി (16), സാക് ക്രൗലി (11) എന്നിവർക്കേ രണ്ടക്കം കടക്കാനായുള്ളൂ. കഴിഞ്ഞ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരൻ ബെൻ ഡക്കറ്റ് (4), ഓലീ പോപ്പ് (3), ജോ റൂട്ട് (7), ജോണി ബെയർസ്‌റ്റോ (4), റിഹാൻ അഹ്‌മദ് (പൂജ്യം), ജെയിംസ് ആൻഡേഴ്‌സൻ (1) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ.
റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് രാജ്കോട്ടിലേത്. സ്കോർ– ഇന്ത്യ: 445,430/ 4 ഡിക്ലയേർഡ്, ഇംഗ്ലണ്ട്: 319, 122. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലെത്തി. ഇനി രണ്ടു മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.