മസ്കറ്റ്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഹൃദയപൂർവം തൃശൂർ 2024ൻ്റെ ഭാഗമായി റൂവി ടർഫിൽ നടത്തിയ കായിക മത്സരങ്ങളിൽ ക്രിക്കറ്റിൽ വിസിസി വലപ്പാടും ഫുട്ബോളിൽ അഞ്ചേരി ബ്ലാസ്റ്റേഴ്സും ജേതാക്കളായി.
തൃശൂർ ജില്ലയിലുള്ള സ്ഥലങ്ങളുടെ പേരിൽ ക്രിക്കറ്റിലും ഫുട്ബോളിലുമായി എട്ടുവീതം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത അഞ്ചേരി ബ്ലാസ്റ്റേഴ്സ് അഞ്ച് ഓവറിൽ 25 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ വിസിസി വലപ്പാട് 3.5 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ വിജയം കാണുകയായിരുന്നു.
ഫുട്ബാൾ ഫൈനലിൽ ഏറ്റുമുട്ടിയ പൾസ് എഫ്സി കൊടകരയും- അഞ്ചേരി ബ്ലാസ്റ്റേഴ്സ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്ത്. ഫുട്ബാളിൽ ടോപ്പ് സ്കോറർ ആയി എഫ്.സി വാടാനപ്പള്ളിയുടെ സുദേവും മികച്ച കളിക്കാരനായി പൾസ് എഫ്.സി കൊടകരയുടെ നവീനും ഡിഫന്ററായി പൾസ് എഫ്.സി കൊടകരയുടെ തന്നെ സന്ദീപും മികച്ച ഗോൾ കീപ്പറായി അഞ്ചേരി ബ്ലാസ്റ്റേഴ്സിലെ റിഷാദിനെയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ നൽകി.