ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരം, രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ക്ക് നിര്‍ണായക സംഭാവന നല്‍കിയ ഓൾ റൗണ്ടർ, ലോകകപ്പ് വിജയത്തിനായി ക്യാന്‍സറിനോട് പടപൊരുതി കളിക്കളത്തില്‍ തുടര്‍ന്ന പോരാളി, പഞ്ചാബിലെ ചണ്ഡിഗണ്ഡില്‍ നിന്നുള്ള ആ ഇടം കയ്യന്‍ താരത്തിന് യുവരാജ് സിംഗ് എന്നാണ് പേര്. 28 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഹീറോയ്ക്ക് ഇന്ന് 42-ാം പിറന്നാൾ. തന്റെ പിതാവ് യോഗരാജ് സിംഗിന്റെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആഗ്രഹമാണ് യുവരാജിലൂടെ സാഫല്യമായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് ഏകദിനങ്ങള്‍ക്കും ഒരു ടെസ്റ്റിനും അപ്പുറത്തേയ്ക്ക് വളരാന്‍ യോഗരാജ് സിംഗിന് കഴിഞ്ഞില്ല.
എല്ലാ വലിയ വേദികളിലും യുവരാജിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നിര്‍ണായകമായിരുന്നു. നാറ്റ്‌വെസ്റ്റ് സീരിസ് ഫൈനലിലെ 69 റണ്‍സ്, ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിനെതിരെ നേടിയ ആറ് പന്തില്‍ ആറ് സിക്‌സ്, 2011ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം അവസാനിപ്പിച്ച അര്‍ദ്ധ സെഞ്ചുറി എല്ലാം യുവരാജ് സിംഗിന്റെ സംഭാവനകളായിരുന്നു. ബാറ്റിംഗിൽ മാത്രമല്ല നിർണായ ബ്രേയ്ക് ത്രൂകൾ നൽകുന്ന ബൗളർ, ഇന്ത്യൻ ക്രിക്കറ്റ് ആരാധനകർക്ക് ആവേശമായി ഫീൽഡിംഗ് പ്രകടനങ്ങൾ എന്നിവയും യുവരാജിന്റെ സംഭാവനകളായിരുന്നു.