കോപ്പ അമേരിക്ക കിരീടം നിലനിർത്തി അര്ജന്റീന

Written by Taniniram

Published on:

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി അര്‍ജന്റീന. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ്. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാം ഗോളാണിത്. ഗോള്‍ നേട്ടം മെസിയെ കെട്ടിപ്പിടിച്ചാണ് മാര്‍ട്ടിനസ് ആഘോഷിച്ചത്.

കോപ്പയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടമാണിത്. 15 കിരീടം സ്വന്തമാക്കിയ ഉറുഗ്വേയുടെ റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. കഴിഞ്ഞതവണയും കോപ്പ അമേരിക്ക കിരീടം നേടിയത് അര്‍ജന്റീനയായിരുന്നു.

നേരത്തെ, കളിയുടെ നിശ്ചിത സമയം സമനിലയില്‍ അവസാനിച്ചിരുന്നു. അതിനിടെ 66-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി പരിക്കേറ്റ് പുറത്തായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിലെ അവസാന മത്സരത്തിനായി ഇറങ്ങുന്ന ഏഞ്ചല്‍ ഡി മരിയയ്ക്കായി കപ്പ് നേടാനാണ് അര്‍ജന്റീന ഇറങ്ങിയത്.

ഫ്ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒന്നര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരേ മികച്ച പ്രകടനമാണ് കൊളംമ്പിയ കാഴ്ചവെച്ചത്.

അര്‍ജന്റീനയുടെ വിജയം കേരളത്തിലും ആഘോഷമാക്കിയിരിക്കുകയാണ് മെസി ആരാധകര്‍. ബിഗ്‌സ്‌ക്രീനിന് മുന്നില്‍ നൃത്തച്ചുവടുകളുമായും മധുരം വിതരണം ചെയ്തും വിജയം ആഘോഷമാക്കി.

See also  നടി ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി; അന്വേഷണം ഊർ ജിതമാക്കി തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ്

Leave a Comment