ലയണൽ മെസി കളിക്കാത്തതിനെ തുടർന്ന് അർജൻ്റീനയുമായുള്ള സൗഹൃദ മത്സരം ചൈന റദ്ദാക്കി. കഴിഞ്ഞ ഞായറാഴ്ച നടന്ന ഹോങ്കോങ് ഇലവനെതിരായ ഇന്റർ മയാമിയുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. പകരക്കാരുടെ നിരയിൽ മെസി ഉണ്ടായിരുന്നെങ്കിലും കളിക്കാൻ ഇറങ്ങാതിരുന്നതാണ് ചൈനയെ ചൊടിപ്പിച്ചത്. തുടർന്ന് അടുത്തമാസം ഹാങ്ചൗവിൽ നടക്കേണ്ട അർജന്റീന-നൈജീരിയ, ബെയ്ജിങ്ങിൽ നടക്കാനിരുന്ന അർജന്റീന-ഐവറികോസ്റ്റ് മത്സരങ്ങൾ ചൈന റദ്ദാക്കുകയായിരുന്നു.
മെസി കളിക്കാനിറങ്ങാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് ടിക്കറ്റിന്റെ പകുതിത്തുക തിരിച്ചുനൽകാമെന്ന് സംഘാടകർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അതേസമയം, പേശിവലിവ് കാരണമാണ് കളിക്കാതിരുന്നതെന്നാണ് മെസ്സി പിന്നീട് വ്യക്തമാക്കിയത്. മെസി കളിക്കാത്തതിന് ടീമിനോട് വിശദീകരണം തേടിയിരുന്നു. മത്സരത്തിൽ 4-1ന് മയാമി ജയിച്ചു.