കേരളത്തില്‍ കളിക്കാമെന്നേറ്റ് അര്‍ജന്റീന! പക്‌ഷേ….

Written by Taniniram Desk

Updated on:

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ചാംപ്യന്മാരായ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിച്ചേക്കും. കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക സൂചനയും നല്‍കി. കേരളത്തില്‍ കളിക്കാമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്റീന കേരളത്തിലെത്തുമെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം ജൂണിലും പ്രചരിച്ചിരുന്നു.

എന്നാല്‍ പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഇപ്പോള്‍ ഒരിക്കല്‍കൂടി ചര്‍ച്ചകളില്‍ നിറയുകയാണ് മെസിയുടെ അര്‍ജന്റീന. ലോകകപ്പ് അര്‍ജന്റൈന്‍ ടീം കേരളത്തില്‍ കളിക്കാമെന്ന് ഇ മെയില്‍ വഴി അറിയിച്ചതായി മന്ത്രി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ… ‘മെസി കളിക്കുന്ന അര്‍ജന്റൈന്‍ ടീം ഇന്ത്യയില്‍ വരുകയെന്നത് അപൂര്‍വ നിമിഷമാണ്. പ്രത്യേകിച്ച് കേരളത്തില്‍ വരുന്നത്. മെസി കേരളത്തിലെത്തുന്നത് ഇവിടത്തെ ആരാധകരെ സംബന്ധിച്ചിടത്തോളം അപൂര്‍വ കാഴ്ച്ചയാണ്. തടങ്ങളെല്ലാം നീക്കി ടീമിനെ കേരളത്തിലെക്കിക്കാനുള്ള ശ്രമം നമ്മള്‍ നടത്തുന്നുണ്ട്.” മന്ത്രി വ്യക്തമാക്കി.

ജൂലൈയില്‍ മത്സരം വെയ്ക്കാമെന്നാണ് എഎഫ്എ അയച്ച സന്ദേശത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ സമയത്ത് മഴ പ്രശ്‌നമാണെന്നും ഇതെല്ലാം നേരിട്ട് തന്നെ സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മത്സരം നടത്താന്‍ കടമ്പകളേറെയാണ്. എതിരാളികള്‍ ആരെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് യോജിച്ച എതിരാളികളെ തന്നെ കൊണ്ടുവരേണ്ടതുണ്ട്.

ടീമുകള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തിലുള്ള യാത്ര, സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യം, ഉയര്‍ന്ന പ്രതിഫലമെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഇരു ടീമുകളിലെ താരങ്ങളേയും ഓഫീഷ്യല്‍സിനേയും എത്തിക്കാനുള്ള കേന്ദ്ര അനുമതിയും വെല്ലുവിളിയാണ്. ഇന്ത്യയിലെ കളിക്കാനുള്ള ക്ഷണം കഴിഞ്ഞ വര്‍ഷം എഐഎഫ്എഫ് നിരസിച്ചിരുന്നു. പിന്നീട് സംസ്ഥാന കായിക മന്ത്രി കത്തയക്കുന്നത്.

Leave a Comment