മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഹൈദരാബാദ് എഫ്‌സിക്കും നടന്‍ റാണ ദഗ്ഗുബാട്ടിക്കുമെതിരെ പോലീസില്‍ പരാതി. ജംഷഡ്പൂരിലേ സ്വകാര്യ ഹോട്ടലാണ് പരാതിയുമായി രംഗത്തെത്തിയത്.
എവേ മത്സരത്തിനായി ജംഷഡ്പൂരിലേക്ക് ടീം പോയപ്പോള്‍ അവിടെ താരങ്ങളുടെ താമസത്തിനായി ടീം ബുക്ക് ചെയ്ത മുറികളുടെ വാടക ഇതുവരെ കൊടുത്തിട്ടില്ലെന്നാണ് പരാതി. സംഭവത്തില്‍ ടീം ഉടമകളായ നടന്‍ റാണ ദഗ്ഗുബാട്ടി, നിതിന്‍ മോഹന്‍, ആന്റണി ദാസ്, വിജയ് മാധുരി, സുരേഷ് ഗോപാല്‍ കൃഷ്ണ, രംഗനാഥ് റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ഒക്ടോബര്‍ മൂന്ന് മുതല്‍ ആറ് വരെയാണ് ടീം ഹോട്ടലില്‍ താമസിച്ചത്. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയാണ് മുറികള്‍ ബുക്ക് ചെയ്തത്. എന്നാല്‍ ബാക്കി തുക അടയ്ക്കാതെ ആറിന് രാവിലെ ടീം അംഗങ്ങള്‍ ഹോട്ടല്‍ വിട്ടുപോയെന്നാണ് പരാതി. ഇമെയിലിലൂടെയും ഫോണ്‍ വഴിയും ക്ലബ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. ഐസ്എല്ലില്‍ മോശം ഫോം തുടരുന്നതിനിടെയാണ് ക്ലബ്ബിന് പുതിയ തലവേദനയായി ഹോട്ടല്‍ അധികൃതരുടെ പോലീസ് പരാതി എത്തിയത്.
ഹൈദരാബാദ് എഫ്‌സി ക്ലബ്ബിന്റെ സഹ ഉടമയായ റാണ ദഗ്ഗുബാട്ടി ബാഹുബലി പോലുള്ള പല സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്ത് തിളങ്ങിയ താരമാണ്.