മലയാളത്തിൻ്റെ അമൃത സ്വരത്തിന് ഇന്ന് എൺപത്തിനാലിൻ്റെ മധുരം

Written by Taniniram1

Published on:

താര അതിയടത്ത്

“ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്

ഗാനഗന്ധർവന്റെ പിറന്നാൾ മധുരത്തിന് ഈ ഗാന സമർപ്പണത്തോളം മധുരം വേറെന്തിനുണ്ട്. ഇരുപത്തിയൊന്നാം വയസ്സിൽ ശ്രീനാരായണ ശ്ലോകം പാടിക്കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന ആ ശബ്ദത്തിന് ഇന്നും ഒരു പ്രായവും ബാധിച്ചിട്ടില്ലെന്നത് മലയാളികൾ ഒന്നടങ്കം പറയുമ്പോൾ കെ.ജെ യേശുദാസെന്ന ദാസേട്ടൻ നമ്മുടെയൊക്കെ സ്വകാര്യ
അഹങ്കാരമാകുന്നു .

നമ്മുടെ കൊച്ചു കേരളം ലോകത്തിനു തന്നെ സമ്മാനിച്ച മലയാളത്തിന്റെ സ്വരവസന്തത്തിന് ഇന്ന് എൺപത്തിനാലാം പിറന്നാൾ .യു എസിലെ ടെക്സസിലുള്ള സ്വന്തം വീട്ടിലാണ് ഇക്കുറി ഗാനഗന്ധർവ്വൻ ജന്മദിനമാഘോഷിക്കുന്നത്. അമേരിക്കയിലാണെങ്കിലും പാട്ടിന് വിശ്രമമില്ലാതെ നിറപുഞ്ചിരിയോടെ ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറ്റുവാങ്ങുന്നുണ്ട് നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ .

1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ്‌ യേശുദാസിന്റെ ജനനം. അച്ഛൻ പഠിപ്പിച്ച പാട്ടുകൾ ഒൻപതാം വയസ്സിൽ പഠിച്ച് കച്ചേരി അവതരിപ്പിച്ച കൊച്ചു ദാസിനെ നാട്ടുകാർ കൊച്ചു ഭാഗവതർ എന്ന വിളിപ്പേര് നൽകി. ഗാന ദൂഷണം പാസായശേഷം ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തന്റെ ഇരുപത്തൊന്നാം വയസ്സിൽ കെ.എസ്‌. ആന്റണി സംവിധാനം ചെയ്ത ‘കാൽപ്പാടുകൾ’ എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത് ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ച കെ.ജെ യേശുദാസ് പിന്നീട് മലയാളത്തിന്റെ ശബ്ദമായി മാറുകയായിരുന്നു. എം ബി ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌.

മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസെന്ന നാമം. നാല്പത്തിഅയ്യായിരത്തിലേറെ സിനിമ പാട്ടുകൾ, ഇരുപതിനായിരത്തിലേറെ മറ്റു ഗാനങ്ങൾ, എല്ലാ ഭാരതീയ ഭാഷയിലും ഗാനങ്ങൾ ആലപിച്ച ഗായകൻ. പഴയ തലമുറയേയും പുതു തലമുറയേയും കീഴടക്കി കൊണ്ട് ആ സ്വരശുദ്ധി ഇങ്ങനെ ലോകം മുഴുവൻ പരക്കുമ്പോൾ പ്രിയപ്പെട്ട ദാസേട്ടാ, മഹാകവി ജി. വിശേഷിപ്പിച്ചപോലെ നിങ്ങളെ ഗാന ഗന്ധർവ്വൻ എന്നല്ലാതെ പിന്നെന്തു പേരിട്ടു വിളിക്കാൻ ….. ഗന്ധർവ്വ വർഷങ്ങളുടെ മധുരത്തിന് ഒരായിരം പിറന്നാളാശംസകൾ.

See also  പ്രവാസം അന്നും ഇന്നും; ജനുവരി 9 പ്രവാസ ദിനം

Related News

Related News

Leave a Comment