ഇന്ന് റമദാൻ വ്രതാരംഭം: പുണ്യങ്ങളുടെ അനുഗ്രഹീത മാസം

Written by Taniniram1

Published on:

ജ്യോതിരാജ് തെക്കൂട്ട്

ഇസ്ലാമിക വിശ്വാസികളിൽ ആത്മിയാനന്ദത്തിൻ്റെ ആരവങ്ങളുമായി പുണ്യങ്ങളുടെ അനുഗ്രഹീത മാസം വന്നെത്തി.
ഹിജ്റ വർഷത്തിലെ ശഅബാനിൻ്റെയും ശവ്വാലിൻ്റെയും ഇടയിലുള്ള മാസമാണ് റമദാൻ. പരിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിൽ എല്ലാ വിശ്വാസികൾക്കും നോമ്പ് നിർബന്ധമാണ്. “നോമ്പ് എനിക്കുള്ളതാണ്. അതിൻ്റെ പ്രതിഫലവും ഞാൻ തന്നെ നൽകുന്നതാണ്.” എന്ന അല്ലാഹുവിൻ്റെ വാക്യം നോമ്പിൻ്റെ പ്രാധാന്യം വിളിച്ചോതുന്നു. ” റമദാൻ മാസം ആരംഭിക്കുമ്പോൾ സ്വർഗ്ഗത്തിൻ്റെ വാതിലുകൾ തുറക്കപ്പെടും. നരകത്തിൻ്റെ വാതിലുകൾ അടഞ്ഞു കിടക്കുകയാണ്.” (പവാചകൻ മുഹമ്മദ് നബി )

അവിശ്വാസത്തിനും അധർമ്മത്തിനുമെതിരെ വിശ്വാസത്തിൻ്റെയും ധർമ്മത്തിൻ്റെയും പതാക ഉയർന്ന ബദറിൻ്റെ മാസമാണ് റമദാൻ. ക്ഷമയുടെ മാസം. അതിൻ്റെ പ്രതിഫലം സ്വർഗ്ഗം തന്നെയാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും വിശ്വാസികൾ പ്രാധാന്യം നൽകുന്നു. ആയിരം മാസങ്ങളെക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്റും റമദാനിലാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു. റമദാനിലെ ഏത് ദിവസത്തിലാണ് ലൈലത്തുൽ ഖദ്ർ എന്ന് പ്രവാചകൻ കൃത്യമായി പറഞ്ഞിട്ടില്ല. ദമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21, 23 , 25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളത്. ബദർ യുദ്ധം നടന്നത് റമദാൻ 17 നാണ് . മക്കാ വിജയവും റമദാനിലാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധപോരാട്ടമാണ് ബദ്ർ യുദ്ധം. പ്രവാചകൻ മുഹമ്മദ് നബി (സ ) യുടെ നേതൃത്വത്തിൽ മദീനയിലെ മുസ്ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്ചയായിരുന്നു) ഈ യുദ്ധം നടന്നത്. ഖുർആനിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്.

റംസാനിലെ സകാത്തിന് വളരെ പ്രാധാന്യമുണ്ട്. ഇസ്ലാം മതവിശ്വാസികൾ നൽകേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത്. ഇത് ധനികൻ പാവപ്പെട്ടവർക്ക് നല്കുന്ന ഔദാര്യമല്ല. ധനികൻ്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാക്കൽ, ശുദ്ധിയാകൽ എന്നൊക്കെയാണ് അർത്ഥം. റമദാൻ മാസത്തിൻ്റെ അവസാനത്തിൽ നിർബന്ധമായും നൽകേണ്ട സകാത്താണ് സകാത്തുൽ ഫിത്വർ ആവശ്യക്കാരായ ഒരു മനുഷ്യനെ ഊട്ടുവാൻ ആവശ്യമായ അത്രയുമാണ് ഈ സകാത്തിൻ്റെ അളവ്.

റമദാൻ മാസത്തിലെ 29 ദിവസവും ലോകമെമ്പാടുമുള്ള 1.6 ബില്യൺ മുസ്ലിംകളാണ് റമദാൻ ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിൽ ഉപവാസം ഏറ്റവും വലിയ ആചാരമായി കണക്കാക്കപ്പെടുന്നു. ഇസ്ലാമിക വിശ്വാസത്തിൻ്റെ അഞ്ച് പ്രധാന തൂണുകളാണ് സാവം, സലാത്ത്, സ കാത്, ഷഹദ.. എന്നിവ. റംസാനിലെ ഉപവാസം മുസ്ലിംകളിൽ ആത്മീയത വളർത്തിയെടുക്കുന്ന ഭക്തിയുള്ള പ്രവൃത്തിയാണ്. പ്രഭാതം മുതൽ സന്ധ്യവരെയുള്ള റമദാൻ നോമ്പ് ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നു. ഭക്ഷണം, പാനീയം പുകവലി എന്നിവയിൽ നിന്നും സുര്യോദയം മുതൽ സൂര്യാസ്തമയം വരെ ആളുകൾ അകന്നു നിൽക്കുന്നു. എന്നാൽ സൂര്യോദയത്തിനു മുമ്പേ അവർ ഉണരുകയും പ്രാർത്ഥനക്കു ശേഷം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അതിനു ശേഷമാണ് ഉപവാസം ആരംഭിക്കുന്നത്. പിന്നീട് സൂര്യാസ്തമയ ശേഷം കുടുംബത്തോടൊപ്പം (ഇഫ്താർ )ഭക്ഷണം കഴിക്കുന്നു.

See also  ചെമ്പൂത്ര ക്ഷേത്രത്തിലെ ശീവേലി:കുട്ടൻകുളങ്ങര അർജുനൻ ദേവിയുടെ തിടമ്പേറ്റി

ഒരു മുസ്ലിം ഹൃദയം കൊണ്ട് ദൈവഭക്തയാവുകയാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. റമദാൻ നോമ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിൽ ഒന്ന് ‘നിയ്യഹ് ‘ എന്നാണ്. അതായത് ഉദ്ദേശം എന്നു തന്നെ. ആ ഉദ്ദേശമാണ് നോമ്പിലൂടെ സാധ്യമാക്കുന്നത്. അറിയാതെ പോലും ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. അല്ലാഹുവിന് ആത്മസമർപ്പണത്തോടെ വേണം നോമ്പ് തുടങ്ങാൻ. പുലർച്ചക്കു മുമ്പേ നിയ്യഹ് അനുഷ്ഠിക്കാത്തവർ ഉപവസിക്കാൻ പാടില്ല പുണ്യമാസമായ റമദാൻ ആചരിക്കാൻ നല്ല നിശ്ചയദാർഢ്യവും, ആത്മബലവും അത്യാവശ്യമാണ്.

Related News

Related News

Leave a Comment