Friday, April 4, 2025

പുഷ്പ-പച്ചക്കറി കൃഷിയിൽ വിജയ ചരിത്രം കുറിച്ച് ഗീതാഗോപി

Must read

- Advertisement -

പുഷ്പ-പച്ചക്കറി കൃഷിയിൽ വിജയചരിത്രം കുറിച്ച് മുൻ നാട്ടിക എംഎൽഎ ഗീതാഗോപി. വീടിനോട് ചേർന്ന സ്ഥലത്ത് പൂകൃഷിയും പച്ചക്കറി കൃഷിയും കൊണ്ട് വസന്തം തീർക്കുകയാണ് ഇവർ. പൂത്തു നിൽക്കുന്ന ചെണ്ടുമല്ലിയും ജമന്തി പൂക്കളും വാടാമല്ലിയും വിരിഞ്ഞു നിൽക്കുന്നത് കണ്ണിനു ആനന്ദവും മനസ്സിന് സന്തോഷവും ആത്മസംതൃപ്തിയും പകർന്നു നൽകുന്നതായി ഗീതാ ഗോപി പറയുന്നു.

രണ്ടു വർഷം മുൻപ് വരെ ഓണത്തിന് പൂക്കളം തീർക്കാൻ പൂക്കൾ പുറത്തു നിന്നും വാങ്ങുകയായിരുന്നു. ഇന്ന് സ്വന്തമായി വിളയിച്ച പൂക്കൾ കൊണ്ട് ഇക്കഴിഞ്ഞ ഓണത്തിന് ഓണപ്പൂക്കളം തീർത്തു എന്ന് പറയുമ്പോൾ അഭിമാനത്തിന്റെ ധ്വനി അവരുടെ വാക്കുകളിൽ നിറഞ്ഞു നിന്നു. സ്വന്തം ഉപയോഗത്തിന് ശേഷം വിളവെടുത്ത പൂക്കൾ തൃപ്രയാറിൽ പൂക്കടകളിൽ വിറ്റ് പണം ലഭിച്ചതായും അവർ പറയുന്നു.

പൂകൃഷിയുടെ ഇടവേളകളിൽ പച്ചക്കറി കൃഷിയുമുണ്ട്. വെള്ള – വയലറ്റ് വഴുതന, വെണ്ട, പച്ചമുളക്, കുമ്പളം, മത്തൻ തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തെ മാറ്റു കൂട്ടുന്നു. തമിഴ്നാട്ടിൽ നിന്നും വരുന്ന വിഷമുള്ള പച്ചക്കറികൾ വാങ്ങി കഴിച്ച് രോഗികൾ ആവുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തമായി വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഓരോരുത്തരും തയ്യാറാവണമെന്നും അവർ ഓർമിപ്പിച്ചു.

ശീതകാല പച്ചക്കറികളായ കാരറ്റ്, കാബേജ്, ക്യാപ്സിക്കം എന്നിവയും വിഷു മുന്നിൽ കണ്ട് കണി വെള്ളരിയും കൃഷി ചെയ്യുന്നതിനായി ഇപ്പോൾ നിലം ഉഴുതു ശരിയാക്കുന്ന പ്രവർത്തിയിലാണ് ജില്ലാ കിസാൻ സഭയുടെ വനിത സെക്രട്ടറി കൂടിയായ ഗീതാഗോപി.

തന്റെ നാടായ നാട്ടികയിലെ വീട്ടമ്മമാരെ കൂടി ചേർത്ത് സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യാനുള്ള ഒരുക്കവും ഗീതഗോപി നടത്തുന്നുണ്ട്. എങ്ങണ്ടിയൂർ സിപിഐ പാർട്ടി ഓഫീസിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ വഴുതന, വെണ്ട, പച്ചമുളക് തൈകൾ നട്ട് മാതൃകയായി. പഞ്ചായത്ത് സെക്രട്ടറി പ്രമോദിന്റെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിന്റെ തിരക്കുകൾ വളരെയേറെ ഉണ്ടെങ്കിലും കൃഷി ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ട് കൃഷിയുടെ വിജയഗാഥക്കായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഗീതാഗോപി.

കെ. ആർ. അജിത

See also  മണിയുടേയും വിനീതയുടേയും നിശബ്ദ സമരത്തിന് ഒമ്പത് വർഷം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article