Friday, April 4, 2025

തിരശീല വീണിട്ടും രംഗം വിട്ടൊഴിയാതെ… ഓർമ്മയിൽ ഇന്നും തങ്കച്ചൻ

Must read

- Advertisement -

ഇരിങ്ങാലക്കുടയുടെ സ്വന്തം നാടകാചാര്യൻ മൺമറഞ്ഞിട്ട് ഒരാണ്ട് തികയുന്നു. നാടക രചയിതാവും സംവിധായകനുമായ ഇരിങ്ങാലക്കുട കണ്ടഞ്ചേരി തങ്കച്ചൻ ഇന്നും കലാസ്വാദകരുടെ മനസ്സിൽ നിന്നും പടിയിറങ്ങി പോയിട്ടില്ല.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്നും ഇരിങ്ങാലക്കുട നടവരമ്പ് സ്കൂളിൽ അമ്മയുടെ അധ്യാപക ജോലിയുമായി ബന്ധപ്പെട്ടാണ് തങ്കച്ചന്റെ കുടുംബം ഇരിങ്ങാലക്കുടയിൽ എത്തുന്നത്. ലേബർ ഓഫീസർ ആയ ജെ തോമസിൻ്റെയും മറിയാമ്മയുടെയും ഒമ്പത് മക്കളിൽ ഒന്നാമനാണ് തങ്കച്ചൻ.

സ്കൂൾ വിദ്യാഭ്യാസകാലം മുതൽ പ്രസംഗം നാടക രചന എന്നിവയിൽ തങ്കച്ചൻ പ്രാവീണ്യം നേടിയിരുന്നു. കെഎസ്എഫ്ഇയിൽ മാനേജരായിരുന്നു. ഔദ്യോഗിക ജീവിതത്തിന് തിരശ്ശീല വീണപ്പോൾ കലാ ജീവിതത്തിന്റെ തിരശ്ശീല ഉയർന്ന് നാടകത്തിന്റെ ലോകത്ത് മുഴുകുകയായിരുന്നു ജീവിതത്തിൽ നിന്നും പടിയിറങ്ങും വരെ തങ്കച്ചൻ.

തങ്കച്ചന്റെ എകാംഗ നാടകങ്ങളായ ദുഃഖമേവ ജയതേ, തെരുവ്, ഗാന്ധിജി വീണ്ടും വന്നാൽ, ആഫ്റ്റർ ദി ഡെത്ത് എന്നിവ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ അവതരിപ്പിച്ച് കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കാട്ടാറിന്റെ സംഗീതം, പഞ്ചതന്ത്രം, അധ്യാപിക, അശ്വതി എസ്റ്റേറ്റ്, ഒരു മുറിവിന്റെ കഥ തുടങ്ങിയ പ്രൊഫഷണൽ നാടകങ്ങൾ ഒരുകാലത്ത് നിരവധി വേദികളിൽ തുടർച്ചയായി അവതരിപ്പിച്ചു വന്നിരുന്നു. തങ്കച്ചന്റെ സഹോദരങ്ങളായ സാണ്ടർ കെ തോമസ്, സിബി കെ തോമസ് എന്നിവർക്ക് ചലച്ചിത്രരംഗത്തേക്ക് വഴിതുറന്നു കൊടുത്തത് സഹോദരന്റെ നാടക പ്രവർത്തനങ്ങളിലൂടെയാണ്. മികച്ച സിനിമ പ്രവർത്തകനാണ് സിബി കെ തോമസ്.

തങ്കച്ചന്റെ നാടക സമിതി ഫൈവ് സ്റ്റാർ തീയേറ്റേഴ്സിലൂടെ നാടക കലാരംഗത്തേക്ക് കടന്നുവന്ന് പ്രശസ്തരായവരാണ് ചന്ദ്രമോഹൻ, മണി മേനോൻ, ജോണൽ, കുളപ്പുള്ളി ലീല, ബിന്ദു വരാപ്പുഴ, പട്ടാളം സുരേന്ദ്രൻ, എടതിരിഞ്ഞി ലീല, ആളൂർ വത്സല എന്നിവർ. ഇവരിൽ പലരും സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇപ്പോഴും വിരാജിക്കുന്നു. സുനാമി ആസ്പദമാക്കി ‘ആകാശത്തിരകൾ’ എന്ന ടെലിഫിലിമും ഒട്ടേറെ ഷോർട്ട് ഫിലിമുകളും തങ്കച്ചന്റെതായിട്ടുണ്ട്. നാടക രചനയും സംവിധാനവും ഉൾപ്പെടെ നാടക സത്തയെ ഹൃദയത്തിലേറ്റി ആത്മാവിൽ ലയിച്ച തങ്കച്ചന്റെ ഓർമ്മ ദിനത്തിൽ സുഹൃത്തുക്കളും നാടക പ്രവർത്തകരും അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ ആ നല്ല നാളുകളും നാടകോർമ്മകളും പങ്കുവെച്ചു.

_കെ. ആർ. അജിത

See also  ഓർമ്മയിലെ അമ്മമരമായി സുഗതകുമാരി ടീച്ചർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article