നിലാവിൽ കുളിച്ച തിരുവാതിര രാവിൻ്റെ ഓർമ്മയ്ക്ക്…

Written by Taniniram1

Published on:

“കുട്ട്യേ… നാളെ തിരുവാതിരയാണ്. തിരുവാതിര നോറ്റില്ലെങ്കിലും ആ നാളെങ്കിലും ഓർക്കണ്ടേ…”

അച്ഛമ്മയുടെ സങ്കടം കലർന്ന ഉറക്കെയുള്ള ശബ്ദം ഓർമ്മകളുടെ മനസ്സാഴങ്ങളിൽ ഒരു കോട്ടവും കൂടാതെ ഇന്നും കിടപ്പുണ്ട്. കേൾക്കാനാരുമില്ലെങ്കിലും അച്ഛമ്മ വീണ്ടും തുടരും…

“പണ്ടൊക്കെ എന്തായിരുന്നു. എട്ടങ്ങാടീം തുടിച്ചു കുളീം…”

ഇപ്പോൾ തിരുവാതിരയായീന്ന് അറിയണമെങ്കിൽ കലണ്ടർ നോക്കി പറയണം. കണ്ണിൽ വാത്സല്യത്തിന്റെ ചിരി മുളപ്പിച്ച് എന്തെങ്കിലും രണ്ട് വാക്ക് വഴക്ക് പറഞ്ഞു കൊണ്ടുള്ള അടുത്ത വിളിയിൽ ഉറക്കമെഴുന്നേറ്റിറ്റുണ്ടാവും. എന്റെ കുട്ടിക്കാലമാവുമ്പോഴേക്കും തിരുവാതിര ആഘോഷത്തിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും അന്നു കേട്ട വിവരണങ്ങളിൽ കണ്ണിലെ വള്ളിയൂഞ്ഞാലിൽ തിരുവാതിരപ്പാട്ടിന്റെ ശീലുകൾ ഉയരും. കാതുകളിൽ തുടിച്ചു കുളിപ്പാട്ടിന്റെ ആരവമുയരും…

അച്ഛമ്മയുടെ വാക്കുകളിൽ കൂടി ദൃശ്യവല്ക്കരിക്കപ്പെട്ട ആ തിരുവാതിരക്കാലത്തെ പറ്റി അറിയാൻ പല പ്രാവശ്യം കേട്ട കഥകളാണെങ്കിലും വീണ്ടും ചോദിക്കും –

“അച്ഛമ്മേ ആ തിരുവാതിരക്കഥ ഒന്ന് പറഞ്ഞു തരോ…?”

ആ ചോദ്യത്തിന് കാത്ത് നിന്ന പോലെ അച്ഛമ്മ തുടരും…

“പണ്ട് ദക്ഷരാജാവ് നടത്തിയ യാഗത്തിൽ ശ്രീപരമേശ്വരന്റെ വാക്കുകൾ കേൾക്കാതെ സതീദേവി കൂടാൻപോയി. പക്ഷെ യാഗത്തിലുള്ളവരുടെ മുന്നിൽ വെച്ച് ശിവന്റെ പേര് പറഞ്ഞ് സതീദേവിയെ സ്വന്തം അച്ഛനായ ദക്ഷരാജാവ് ആക്ഷേപിച്ചു കുട്ട്യേ… ആ സങ്കടം താങ്ങാനാവാതെ യാഗത്തിലെ തീയിൽ ചാടി സതീദേവി മരിച്ചു. പിന്നീട് പാർവതിയായി ജന്മമെടുത്ത് ശിവനെ തന്നെ ഭർത്താവായി കിട്ടാൻ നോയമ്പ് നോറ്റു. അതു സാധിക്കയും ചെയ്തു. അതുകൊണ്ടാ ശിവനെ പോലെ നല്ല ഭർത്താവിനെ കിട്ടാൻ പെൺകുട്ട്യോള് തിരുവാതിര നോക്കണംന്ന് പറയുന്നേ…”
അച്ഛമ്മയുടെ മടിയിൽ തലവെച്ച് കഥയുടെ പൊട്ടും പൊടിയും പോലും ഒപ്പിയെടുത്ത് ബാല്യത്തിന്റെ കുസൃതിയിൽ ദേഷ്യം പിടിപ്പിക്കാനായി വീണ്ടും ചോദിക്കും.

“ഈ പാർവ്വതിദേവി എന്തൊരു മണ്ടത്തരാ കാണിച്ചെ… ആരെങ്കിലും ഇതൊക്കെ കേട്ട് തീയിൽ ചാടോ…”

“ഈ കുട്ടീടേ ഒരു കാര്യം’ എന്നും പറഞ്ഞ് തല്ലാൻ ഓങ്ങുന്ന ആ കൈകൾ ചേർത്തുപിടിച്ച് ഊഞ്ഞാലാകൃതിയിലുള്ള കാതിലെ തോടയിൽ തൊട്ട് ഞാനങ്ങനെ ഉറക്കെ പാടും…

‘അശ്രീകരങ്ങളകലുന്നതിനശ്വിനാളിൽ

ഭാരങ്ങളൊക്കെയൊഴിയാൻ ഭരണീദിനത്തിൽ

കീർത്ത്യാദികൾക്ക് കുളി കാർത്തികനാളിലോ-

ർത്താൽ മക്കൾക്കു തൻ മകയിരക്കുളി മങ്കമാർക്ക്”

എന്നിട്ട് അച്ഛമ്മ പഠിപ്പിച്ചതെല്ലാം മനപാഠമാണെന്ന മട്ടിൽ കുട്ടിക്കുറുമ്പോടെ നോക്കും.

കുട്ടി മറന്നില്ലാലെ… എന്നും പറഞ്ഞ് ചേർത്തുപിടിച്ച് അച്ഛമ്മയും കൂടെ മൂളുമ്പോൾ ആ മുഖത്തിന് നിലാവിൽ കുളിച്ച തിരുവാതിര രാവിന്റെ തെളിച്ചമായിരിക്കും.

അച്ഛമ്മ പറഞ്ഞു തന്ന അറിവിൽ ഓരോ തിരുവാതിരക്കാലത്തും മനസ്സ് മാഞ്ഞു പോയ വർഷങ്ങളുടെ യവനികയ്ക്ക് പിന്നിലേക്ക് ഓടും. നാടൻ ശീലുകളുടേയും നാട്ടാചാരങ്ങളുടേയും കൂടി ചേരലിൽ സ്ത്രീകളുടെ സ്വന്തം ആഘോഷമാണ് തിരുവാതിര. വെളുത്തവാവും തിരുവാതിര നക്ഷത്രവും കൂടി ചേർന്നു വരുന്ന ദിവസം. ധനുമാസം പിറന്നാൽ പിന്നെ തിരുവാതിരക്കാലമായി.

നല്ല തണുത്ത വെളുപ്പാൻ കാലത്തുള്ള സ്ത്രീകളുടെ തുടിച്ചു കുളിയോടെയാണ് ആഘോഷം തുടങ്ങുന്നത്. തുടിച്ചു കുളിയോടൊപ്പം ഉറക്കെ കുരവയിടുന്നതും ഒരു ചടങ്ങായിരുന്നു. ഉറങ്ങിക്കിടക്കുന്ന ഗംഗാദേവിയെ ഉണർത്തുകയെന്നതാണ് അതിന്റെ പിന്നിലെ സങ്കല്പം. മകയിരം നാള് തൊട്ടേ വ്രതം തുടങ്ങും. മകയിരം മക്കൾക്ക് വേണ്ടിയും, തിരുവാതിര ദീർഘസുമംഗലിയാകുന്നതിനും, പുണർതം സഹോദരങ്ങൾക്കു വേണ്ടിയുമെന്നാണ് വിശ്വാസം. തിരുവാതിരക്കളിയും, നൂറ്റെട്ട് വെറ്റില മുറുക്കലും, ഊഞ്ഞാലാട്ടവും, കണ്ണ് നിറയെ കണ്മഷി എഴുത്തും തിരുവാതിരയുടെ പ്രത്യേകതകളായിരുന്നു. കറുക, വിഷ്ണുക്രാന്തി, തിരുതാളി, പൂവാംകുറുന്നില, കയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, മുയൽ ചെവിയൻ തുടങ്ങിയ ദശ പുഷ്പങ്ങളെ തിരഞ്ഞുപിടിച്ച് തലയിൽ ചൂടുന്നതും ഒളിപ്പിച്ചു വക്കുന്നതും സ്ത്രീകൾക്കിടയിലെ രസമുള്ള കളികളായിരുന്നു.

ശിവക്ഷേത്ര ദർശനം കഴിഞ്ഞു വന്നാൽ കരിക്കു വെട്ടി കുടിക്കും. പിന്നെയാണ് എട്ടങ്ങാടി നേദിക്കുന്ന ചടങ്ങ്. കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, നേന്ത്രക്കായ, ശീമക്കിഴങ്ങ്, മധുരക്കിഴങ്ങ് ഒക്കെ ചെറുതായി വേവിച്ച് എടുക്കും. അതിനോടൊപ്പം പയർ മുതിര എള്ള് എന്നിവ വറുത്ത് ചേർക്കും. ഉരുളി അടുപ്പത്ത് വെച്ച് ശർക്കര പാനി കുറുകുമ്പോൾ ഇതെല്ലാം കൂടി ചേർത്ത് ഇളക്കും. എട്ടങ്ങാടി തയ്യാറായാൽ തൂശനിലയിൽ ഗണപതിക്ക് നേദിക്കും. പിന്നീടാണ് കൂവ കൂറുക്കി കഴിക്കുന്നത്. അന്നത്തെ ദിവസം അരി ആഹാരം കഴിക്കില്ല. ഉറക്കമൊഴിഞ്ഞ് പുണർതം നാളിലാണ് തിരുവാതിര അവസാനിപ്പിക്കുക. ആ തിരുവാതിരക്കഥകൾ സിനിമയിലെന്നപോലെ ഇന്നും മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്.

അച്ഛമ്മ മനസ്സിൽ വരച്ചു തന്ന ആ തിരുവാതിരച്ചിത്രങ്ങൾ മൺമറഞ്ഞുപോയ ആചാരങ്ങളുടെ ശേഷിപ്പായി എന്നിലെവിടെയൊക്കെയോ ഉറങ്ങിക്കിടന്നു. പിന്നീടെപ്പോഴൊ തീരുവാതിരയെന്നത് സ്ക്കൂൾ കലോത്സവങ്ങളിൽ മാത്രമായി ഒതുങ്ങി. മലയാളത്തനിമയുടെ ഉടയാടകളിൽ കുമ്മിപ്പാട്ടിന്റെ താളത്തിൽ തിരുവാതിരയ്ക്ക് ചുവടുവയ്ക്കുമ്പോഴും അച്ഛമ്മയുടെ കഥകളിലെ തിരുവാതിര എന്നോ കണ്ട സ്വപ്നമായി മാറി. കാലങ്ങൾക്കുശേഷം ഇന്ന് ആതിരോത്സവത്തിന്റെ ഭാഗമായി വടക്കുംനാഥന്റെ മൈതാനത്തിലെത്തിയപ്പോൾ എന്നെ തഴുകി പോയ കാറ്റിന് അച്ഛമ്മ പറഞ്ഞു തന്ന തിരുവാതിരക്കാറ്റിന്റെ മണമുണ്ടായിരുന്നു. അച്ഛമ്മ പാടുന്ന തിരുവാതിരപ്പാട്ടിന്റെ താളുമുണ്ടായിരുന്നു. ആ താളത്തിലലിഞ്ഞ് തിരുവാതിരക്കാറ്റിന്റെ നിലാപ്പുഞ്ചിരിയിൽ ഒരിക്കൽ കൂടി ഞാനും തിരിഞ്ഞു നടക്കുകയായിരുന്നു…

താര അതിയടത്ത്

Leave a Comment