കെ. ആർ. അജിത
“ഹൃദയം ദേവാലയം
പോയ വസന്തം നിറമാല ചാർത്തും
ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം “
എന്ന തത്വചിന്തതുളുമ്പി നിൽക്കുന്ന ശിവരഞ്ജിനി രാഗത്തിലുള്ള ഈ ഒരൊറ്റ ഗാനം മതി ജയ വിജയന്മാർ(JAYA VIJAYA) മലയാളികളുടെ മനസ്സിൽ നിന്നും മായാതെ നിൽക്കാൻ. 1979 ൽ തെരുവു ഗീതം എന്ന ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല (BICHU THIRUMALA)എഴുതിയ ഈ ഗാനം ഈണമിട്ട് മനോഹരമാക്കി തീർത്തത് ജയ വിജയന്മാർ ആയിരുന്നു. സംഗീതം സവർണ്ണരുടെ കൈകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരുകാലത്ത് ചെമ്പൈ വൈദ്യനാഥ(CHEMBAI) ഭാഗവതരുടെ ഉത്തമ ശിഷ്യന്മാരായി സംഗീതത്തിന്റെ മധുരം നുകർന്നുകൊണ്ടിരിക്കുന്ന സമയത്താണ് ജയവിജയന്മാർ സ്വന്തമായി പാട്ട് എഴുതി ഈണമിട്ട് തുടങ്ങിയിരുന്ന ആ കാലം. ജയൻ – വിജയൻ എന്നീ രണ്ട് സഹോദരന്മാരും പാട്ടുവഴികളിൽ കൂടെ ഒരുമിച്ച് ചേർന്നപ്പോൾ ഭക്തിഗാനങ്ങളുടെയും സിനിമാഗാനങ്ങളുടെയും മധുരോധാരമായ ഒരുപിടി ഗാനങ്ങളാണ് നമുക്ക് കിട്ടിയത്. വർഷങ്ങൾക്കു മുമ്പ് ജയ വിജയൻമാരിലെ വിജയൻ സ്വർഗ്ഗത്തിലെ പാട്ടുകാരനായി. ഇപ്പോൾ ജയനും.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു ഗോപാലൻ തന്ത്രികൾ. അദ്ദേഹത്തിന്റെ മക്കളാണ് (JAYAVIJAYA)ജയ വിജയന്മാർ.. കർണാടക സംഗീതം അന്ന് കാലത്ത് സവർണർക്ക് മാത്രമേ പാടാൻ കഴിഞ്ഞിരുന്നുള്ളൂ. അവിടെയാണ് യേശുദാസിനെയും ജയ വിജയന്മാരെയും ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഒപ്പം ചേർത്ത് സംഗീതം അഭ്യസിപ്പിച്ചത്. അവർണ്ണരുടെ ഒരു സംഗീത ധാര തന്നെ അന്ന് കേരളത്തിൽ ഉയർന്നുവന്നു. സംഗീതത്തെ ജനകീയമാക്കാൻ ജയ വിജയന്മാർക്ക് കഴിഞ്ഞു. ചടുലമായ ഗാനങ്ങളുടെ ശില്പികളാണ് ഇവർ രണ്ടുപേരും.
‘നക്ഷത്രദീപങ്ങൾ തിളങ്ങി… ഇന്നും ഗാനമേളകളിൽ പുതുതലമുറക്കാരും ഈ ഗാനം ആലപിച്ച് കയ്യടി നേടുന്നു. ജയ വിജയന്മാർ ഈണമിട്ട ഹിറ്റ് പാട്ടാണിത്. ഇന്നും കേൾക്കുമ്പോൾ ഹൃദയത്തിൽ ആഴത്തിൽ സ്വാധീനിക്കുന്ന കർണാട്ടിക് ടച്ചുള്ള പാട്ട്. . ശ്രീ കോവിൽ നട തുറന്നു…സ്വരങ്ങളിലെ കത്രിക പ്രയോഗം എന്ന പ്രതിഭാസം മലയാള ചലച്ചിത്ര ഗാനരംഗത്ത് ആരും ഉപയോഗിച്ചിട്ടില്ല. അത് ജയവിജയന്മാർക്ക് മാത്രം സ്വന്തമാണ്. രണ്ടു പാട്ടുകളിലാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയിട്ടുള്ളത് നക്ഷത്രദീപം തിളങ്ങി…. ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ എന്ന ഗാനങ്ങളിലായിരുന്നു.
അയ്യപ്പഭക്തിഗാനങ്ങളിൽ ഇന്നും ശബരിമലയിൽ നട തുറക്കുമ്പോൾ ഈ ഗാനമാണ് അവിടെ ഇപ്പോഴും വയ്ക്കുന്നത്. രാത്രി ഭഗവാനുള്ള ഉറക്കു പാട്ട് ഹരിവരാസനം യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ രാവിലെ നട തുറക്കുമ്പോൾ ഭഗവാൻ കേൾക്കുന്നത് ജയ വിജയന്മാരുടെ ശ്രീകോവിൽ നടതുറന്നു എന്ന ഗാനമാണ്. ശബരിമലയിൽ അങ്ങനെ സംഗീതത്തിന്റെ രണ്ട് അവർണ്ണ ശബ്ദ സാന്നിധ്യമാണ് സംഗീത ധാരയായി ഒഴുകുന്നത്. ശബരിമലയ്ക്ക് കെട്ടുനിറയ്ക്കുമ്പോൾ പാടുന്ന അയ്യപ്പൻ പാനപ്പാട്ടും ജയ വിജയന്മാരുടെ സംഗീത സംഭാവനയിൽ ഒന്നാണ്.
ചെമ്പൈയുടെ ശിഷ്യന്മാരായിരുന്ന കാലത്ത് മൈക്ക് ഇല്ലാതിരുന്ന കാലഘട്ടം കൂടിയാണെന്ന് ഓർക്കണം. വലിയ ഹോളിൽ കച്ചേരികൾ നടക്കുമ്പോൾ എല്ലാവർക്കും കേൾക്കുന്നതിനായി തുറന്നു പാടുന്ന ഒരു ശൈലിയാണ് ജയ വിജയന്മാരുടെ പാട്ടിന്റെ ശൈലി. ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ, ഗായിക ചിത്ര അനശ്വരമാക്കിയ ഭക്തിഗാനങ്ങൾ ആയ “പാടുന്നു ഞാനിന്ന്… വിശ്വമോഹിനി ജഗദംബികേ, അഞ്ജനശിലയിൽ ആദിപരാശക്തി, കൊടുങ്ങല്ലൂരിൽ വാഴും… ഈ ഗാനങ്ങൾ എല്ലാം തന്നെ ജയ വിജയന്മാർ ഈണമിട്ട മനോഹരമായ ഭക്തിഗാനങ്ങൾ ആണ്. യേശുദാസ് ആലപിച്ചിട്ടുള്ള” ഒരു പിടി അവലുമായി… അണിവാക ചാർത്തിൽ ഞാൻ ഉണർന്നു കണ്ണാ.. ഗുരുവായൂരപ്പന്റെ മയിൽപീലി ഗാനങ്ങൾ എല്ലാം തന്നെ ഈണമിട്ടതും ഇവർ തന്നെ. 1991ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ജയന് ലഭിച്ചിട്ടുണ്ട്. 2013ൽ ഹരിവരാസനം അവാർഡും. 2019 രാജ്യം പത്മശ്രീ നൽകിയും ജയനെ ആദരിച്ചിട്ടുണ്ട്.
കർണാടക സംഗീതം ആധാരമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ള ഒട്ടേറെ ഭക്തിഗാനങ്ങൾ മലയാളികൾ ഏറെ ആസ്വദിക്കുന്നതും ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നതുമാണ് ഇവരുടെ ഗാനങ്ങൾ. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങൾ ജയ വിജയന്മാർ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്. ലളിതശാസ്ത്രീയ ഗാന രംഗത്തെ അധികായൻമാരാണ് ജയ വിജയന്മാർ. രാഗസുധ സാഗരത്തിൽ നീന്തിത്തുടിച്ച രണ്ട് പ്രതിഭകൾ. ജയന്റെ മകനും സിനിമാതാരവുമായ മനോജ് കെ ജയനും ഒരു ഗായകൻ കൂടിയാണ്.
ജയന്റെ വേർപാട് കർണാടക സംഗീത ലോകത്തിനും ഭക്തിഗാന രംഗത്തും തീരാ നഷ്ടം തന്നെയാണ്.. ജയ വിജയന്മാരുടെ ഒരുമിച്ചുള്ള എല്ലാ ഗാനങ്ങളും കേരളം ഒന്നാകെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതുമാണ്. നക്ഷത്രദീപങ്ങൾ തിളങ്ങും…. അദ്ദേഹം….ഇനി ആ പാട്ടുകളുടെ നക്ഷത്ര ശോഭ ആ ഗാനങ്ങളിലൂടെ നമുക്കും ആസ്വദിക്കാം.